Author: News Desk

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡും സർട്ടിഫിക്കറ്റും നൽകുമ്പോൾ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ. സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ വീഴ്ചയുണ്ടായ പശ്ചാത്തലത്തിലാണ് നിർദേശം. സർട്ടിഫിക്കറ്റ് നൽകുമ്പോൾ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പാക്കണം. സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് അപേക്ഷകരെ ഡോക്ടർ നേരിട്ട് പരിശോധിക്കണം. ശാരീരിക പരിശോധന, കാഴ്ച പരിശോധന, ചർമ്മത്തിന്‍റെയും നഖങ്ങളുടെയും പരിശോധന, രക്തപരിശോധന എന്നിവയും നടത്തണം. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് (എ) എന്നിവയും ഉണ്ടോയെന്ന് പരിശോധിക്കണം. ക്ഷയരോഗത്തിന്‍റെ ലക്ഷണമുണ്ടെങ്കിൽ കഫം പരിശോധിക്കണം. ആവശ്യമാണെന്ന് തോന്നുന്ന മറ്റ് പരിശോധനകൾക്കും ഡോക്ടർക്ക് നിർദ്ദേശിക്കാം. ഫലം നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ സർട്ടിഫിക്കറ്റ് നൽകാവൂ. ടൈഫോയ്ഡ് രോഗത്തിനെതിരായ വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കണം. വിരശല്യത്തിനു മരുന്ന് നൽകണമെന്നും ആരോഗ്യ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.

Read More

ന്യൂഡല്‍ഹി: ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനോട് ധനസഹായം തേടി. ഉച്ചകോടിക്ക് തയ്യാറെടുക്കാൻ ഡൽഹിക്ക് കുറഞ്ഞത് 927 കോടി രൂപയെങ്കിലും വേണമെന്ന് വ്യക്തമാക്കി ഡൽഹി ധനമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. ജി -20 ഉച്ചകോടി ഡൽഹിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണന്നും സിസോദിയ കത്തിൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ ഡൽഹി സർക്കാരിന് ഫണ്ടുകളൊന്നും ലഭിച്ചില്ല. അതിനാൽ ജി 20 ആതിഥേയത്വം വഹിക്കുന്നതിന് അധിക ഫണ്ട് വേണമെന്നാണ് ആവശ്യം. സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്താണ് ജി 20 ഉച്ചകോടി നടക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി നഗരം മനോഹരമാക്കാനുള്ള ശ്രമത്തിലാണ്.

Read More

ബെംഗളൂരു: കർണാടക കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി. കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റിൽ ചിത്രീകരിക്കുകയും ചെയ്തു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്‍റെ പരാതിയിൽ ബെംഗളൂരു സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടക കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎൻസികർണാടക.ഇൻ ഇപ്പോൾ ലഭ്യമല്ല. ഈ ലിങ്കിൽ ക്ലിക്കുചെയ്യുകയാണെങ്കിൽ ‘ഈ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു’ എന്ന അറിയിപ്പാണ് കാണുക. അതേസമയം ഇതിന് പകരം കെപിസിസി.ഇൻ എന്ന ലിങ്കിലാണ് വ്യാജ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് സൈറ്റിലുള്ളത്. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്യുന്ന രീതിയിലുള്ള സിദ്ധരാമയ്യയുടെ കത്ത് ഇതിന് പിന്നാലെയാണ് സൈറ്റിൽ പ്രത്യക്ഷപ്പെടുന്നത്. സിദ്ധരാമയ്യയുടെ വ്യാജ ഒപ്പുമുണ്ട്. കത്ത് വ്യാജമാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Read More

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും തമ്മിലുള്ള കൂടിക്കാഴ്ച സൈബി ജോസ് കിടങ്ങൂരിനെതിരായ കൈക്കൂലി കേസ് ചർച്ച ചെയ്യാനെന്ന മാധ്യമവാർത്തകൾ ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ നിഷേധിച്ചു. ചീഫ് ജസ്റ്റിസിന്‍റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ വിശദീകരണമുണ്ട്. അതേസമയം ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഡി.ജി.പി അനുമതി നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സൈബിക്കെതിരെ കേസെടുത്തത്.

Read More

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ സർക്കാർ നിർദേശത്തെ തുടർന്ന് ഉടൻ സ്ഥാനമൊഴിയും. വൈസ് പ്രസിഡന്‍റിനോടും അഞ്ച് സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാൻ സർക്കാർ നിർദേശം നൽകി. കായികമന്ത്രി വി അബ്ദുറഹിമാനുമായുള്ള അഭിപ്രായവ്യത്യാസത്തിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം. 2019ൽ ടി.പി ദാസന്‍റെ പിൻഗാമിയായാണ് മേഴ്സി കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് എത്തിയത്.

Read More

തിരുവനന്തപുരം: ബജറ്റിലെ നികുതി വർദ്ധനവിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ചില നികുതി നിർദ്ദേശങ്ങളിൽ മാറ്റം വന്നേക്കാൻ സാധ്യത. ജനങ്ങളുടെ അതൃപ്തി മുഖവിലയ്ക്കെടുത്താണ് നികുതി നിർദേശങ്ങൾ ചർച്ച ചെയ്യാമെന്ന അഭിപ്രായം നേതൃത്വം പങ്കുവയ്ക്കുന്നത്. വിഭവസമാഹരണം ആവശ്യമാണെങ്കിലും ഇന്ധനനികുതിയിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തണമെന്ന അഭിപ്രായമുള്ളവർ ഇടതുമുന്നണിയിലുണ്ട്. ഇന്ധന സെസ് രണ്ട് രൂപയിൽ നിന്ന് ഒരു രൂപയായി കുറയ്ക്കണമെന്നും അഭിപ്രായമുണ്ട്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഫെബ്രുവരി 20ന് കാസർകോട് നിന്ന് ആരംഭിക്കും. ജാഥ മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം എം.വി ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാന ജാഥയാണിത്. ജാഥയിൽ ഇന്ധന സെസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ബജറ്റിലെ നിർദ്ദേശങ്ങൾക്കെതിരെ ഇന്ന് കരിദിനം ആചരിക്കുന്ന യു.ഡി.എഫ് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ബജറ്റിനെതിരെ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും മുന്നറിയിപ്പ്…

Read More

തിരുവനന്തപുരം: കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകി. ഇന്ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രാജ്ഭവൻ വിജ്ഞാപനം നീട്ടി നൽകിയത്. കേരള സർവകലാശാലയുടെ പ്രതിനിധിയെ ഇതുവരെ സമിതിയിലേക്ക് നല്കിയിട്ടില്ല. നിലവിൽ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിലുള്ളത്. സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.

Read More

ചെന്നൈ: ഗായിക വാണി ജയറാമിന്‍റെ മരണം പുറത്തുവരാൻ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ഭർത്താവ് ജയറാമിന്‍റെ മരണശേഷം വാണി വീട്ടിൽ തനിച്ചായിരുന്നു താമസം. സഹായിയായ യുവതി ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകയറി വാണിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെന്നൈ ഡെപ്യൂട്ടി കമ്മീഷണർ ശേഖർ ദേശ്മുഖ് പിന്നീട് വാണി ജയറാമിന്‍റെ വീട്ടിലെത്തി നേരിട്ട് പരിശോധന നടത്തി. വാണി മുറിയിൽ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. നെറ്റിയിൽ മുറിവുണ്ടായിരുന്നെന്നും എന്നാൽ വീഴ്ചയ്ക്കിടെ മുറിയിലെ ടീപ്പോയിൽ തലയിടിച്ചപ്പോൾ ഇത് സംഭവിച്ചതായിരിക്കാമെന്നും ശേഖർ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. വാണി ജയറാമിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഓമന്തുരാർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Read More

യുഎഇ : യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 24 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അബുദാബിയിലെയും ദുബായിലെയും താപനില 18 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 5 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്ന് താപനിലയിൽ കുറവുണ്ടാകും. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് റെഡ്,യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ചില ഉൾപ്രദേശങ്ങളിൽ ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും.

Read More

ധാക്ക: പാകിസ്ഥാന് പിന്നാലെ ബംഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ പലയിടത്തും ജനങ്ങൾ തെരുവിലിറങ്ങി. ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ വസ്ത്ര വ്യവസായത്തിന്‍റെ തകർച്ചയാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ബംഗ്ലാദേശിന് 470 കോടി ഡോളർ ധനസഹായം അനുവദിച്ചിരുന്നു. താൽക്കാലികമായെങ്കിലും ഈ സഹായം ഉപയോഗിച്ച് നിലനിൽക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ധന ഇറക്കുമതിക്കടക്കം പണമില്ലാതായത് പ്രതിസന്ധി രൂക്ഷമാക്കും. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്. പാക്കിസ്ഥാൻ രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനമായി തുടരുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ധനക്കമ്മി 115 ശതമാനത്തിലധികം ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More