Author: News Desk

കോഴിക്കോട്: ലോകായുക്ത വിധിക്ക് മുമ്പ് വിത്തും വേരും കിളക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ലോകായുക്ത വിധി വന്ന ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂവെന്നും വിധി വന്നാൽ നിയമപരമായി മുന്നോട്ട് പോകുമെന്നും ശശീന്ദ്രൻ പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ഭിന്നാഭിപ്രായത്തെ തുടർന്ന് ലോകായുക്ത കേസ് വിശാല ബെഞ്ചിന് വിട്ടു. മന്ത്രിസഭാ തീരുമാനം പരിശോധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിൽ രണ്ടംഗ ബെഞ്ചിന് ഭിന്നാഭിപ്രായമാണുണ്ടായത്. മൂന്നംഗ ബെഞ്ച് കേസ് പിന്നീട് വിശദമായി പരിഗണിക്കും. അതേസമയം, ലോകായുക്തയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ആർ എസ് ശശികുമാർ പറഞ്ഞു. കേസിൽ ലോകായുക്താ വിധി വൈകുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു.

Read More

കോട്ടയം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്തയുടെ വിധി വൈകുന്നത് നീതി നിഷേധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി സംശയത്തിന്‍റെ നിഴലിലാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരാൻ ധാർമികതയില്ലെന്നും രാജിവെച്ച് മാറി നിൽക്കാനുള്ള മര്യാദ കാണിക്കണമെന്നും വി മുരളീധരൻ പറഞ്ഞു. ലോകായുക്താ വിധി ഗുരുതരമായ പ്രശ്നങ്ങളാണ് ഉയർത്തുന്നത്. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തിയെന്നാണ് ഒരു ജഡ്ജിയുടെ കണ്ടെത്തൽ. ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികതയിൽ മുറുകെപ്പിടിച്ച് അധികാരത്തിൽ തുടരാനുള്ള ശ്രമം മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അധികാരത്തിൽ തുടർന്നാൽ ആ കസേരയുടെ മഹത്വം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: സ്വർണ്ണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി ഹൈക്കോടതി. നാളെ മുതൽ എച്ച്.യു.ഐ.ഡി ഹാൾമാർക്കുള്ള ആഭരണങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലുള്ള സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കുന്നതിനുൾപ്പെടെ കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം.

Read More

കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത വിധിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിധി വിചിത്രമാണെന്നും ലോകായുക്തയുടെ വിശ്വാസ്യത തകർക്കുന്നതാണെന്നും സതീശൻ ആരോപിച്ചു. ഈ വിധി പുറപ്പെടുവിക്കാൻ ഒരു വർഷത്തെ കാലതാമസം എടുത്തത് എന്തിനെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇപ്പോഴും തീരുമാനമുണ്ടാകില്ലായിരുന്നു. ലോകായുക്തയെ ഭീഷണിപ്പെടുത്തി ലഭിച്ച ഉത്തരവാണിതെന്നാണ് സംശയം. വിധി അനിശ്ചിതമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണയിലെത്തിയാൽ ഈ വിഷയത്തിലെ നിലവിലെ സാഹചര്യവും മാറുമെന്നും സതീശൻ ആരോപിച്ചു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിലെ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ആർ.എസ് ശശികുമാർ. നീതിക്കായി സുപ്രീം കോടതിയിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വാദം പൂർത്തിയായിട്ടും ലോകായുക്ത ഇതുവരെ വിധി പ്രസ്താവിക്കാത്തതിന് കാരണം ഇത് ഭിന്നവിധിയായതിനാലാകും. ഹൈക്കോടതിയുടെ നിർദേശം വന്നതിനാലാണ് വിധി പറയാൻ ലോകായുക്ത കോടതി തയ്യാറായത്. ജഡ്ജിമാരിൽ ഒരാൾ സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞത് ശ്രദ്ധേയവും ഗൗരവമുള്ളതുമാണ്. ഒരു ജഡ്ജി പ്രതികൂലമായി വിധിയെഴുതിയതിനാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാകണം. സമ്മർദം ചെലുത്തി കേസ് നീട്ടിക്കൊണ്ടുപോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവലിൻ കേസിലും ഇതുതന്നെയാണ് സംഭവിച്ചത്. ഈ ഹർജിയിൽ അത് അനുവദിക്കില്ലെന്നും നീതിക്കായി സുപ്രീം കോടതിയിൽ പോകേണ്ടി വന്നാലും ചെയ്യുമെന്നും ഹർജിക്കാരൻ വ്യക്തമാക്കി.

Read More

കൊച്ചി: വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിലായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രവാസി യാത്രക്കാർ. നാട്ടിലേക്കുളള യാത്രാ നിരക്കിന്റെ അഞ്ചിരട്ടി വരെ നൽകിയാണ് പ്രവാസികൾ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഉയർന്ന ചെലവും വർദ്ധിച്ച ഡിമാൻഡുമാണ് നിലവിലെ നിരക്ക് വർദ്ധനവിന് കാരണമെന്ന് വിമാനക്കമ്പനികൾ വിശദീകരിക്കുന്നു. 2 വർഷം നീണ്ട കോവിഡ് പ്രതിസന്ധി മറികടക്കാൻ വിമാനക്കമ്പനികൾ അവധിക്കാല സർവീസുകൾ ആരംഭിച്ച സാഹചര്യത്തിലാണ് വിമാന നിരക്ക് കുത്തനെ ഉയർത്തുന്നത്. മാർച്ച് അവസാന വാരം മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന ആറ് മാസത്തെ വേനൽക്കാല ഷെഡ്യൂൾ ആരംഭിച്ചതോടെ നിരക്ക് കുത്തനെ ഉയരാൻ തുടങ്ങി. യു എസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കും ഇതിനെ വളരെയധികം സ്വാധീനിച്ചു.  തിരുവനന്തപുരത്ത് നിന്ന് കാനഡയിലെ ടൊറന്‍റോയിലേക്കും തിരിച്ചും ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മെയ് ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ടൊറന്‍റോയിലേക്കുള്ള എയർ ഇന്ത്യയുടെ ടിക്കറ്റിന് 2,20,700 രൂപയാണ് നിരക്ക്. അതേ ദിവസം ടൊറന്‍റോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ്…

Read More

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ 2019 ൽ വയനാട്ടിൽ നിന്ന് മത്സരിച്ച മറ്റൊരു രാഹുൽ ഗാന്ധിയെയും അയോഗ്യനാക്കി. വത്സമ്മയുടെ മകൻ രാഹുൽ ഗാന്ധി കെ.ഇയെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയത്. 2024 സെപ്റ്റംബർ 13 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നാണ് ഇദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാഹുൽ ഗാന്ധി കെ.ഇയെ കമ്മീഷൻ അയോഗ്യനാക്കിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എ പ്രകാരമാണ് നടപടി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപരനായിട്ടാണ് രാഹുൽ ഗാന്ധി കെ.ഇ തിരഞ്ഞെടുപ്പിനെത്തിയത്. ഏഴ് ലക്ഷത്തിലധികം വോട്ടുകൾക്കാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ചത്. അതേസമയം, സ്വതന്ത്രനായി മത്സരിച്ച രാഹുൽ ഗാന്ധി കെ.ഇയ്ക്ക് 2196 വോട്ടുകളാണ് ലഭിച്ചത്.

Read More

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ട് ലോകായുക്ത. രണ്ടംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാലാണ് കേസ് മൂന്നംഗ ബെഞ്ചിന് വിടുന്നതെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ഇതിന്‍റെ തീയതി പിന്നീട് അറിയിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 18ന് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി വൈകുന്നതിനാൽ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിധി പ്രഖ്യാപിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും തെളിയിക്കപ്പെട്ടാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 പ്രകാരമുള്ള കേസിലാണ് വിധി.  എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും കെ കെ രാമചന്ദ്രന്‍റെ കുടുംബത്തിന് 8.5 ലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും…

Read More

ന്യൂഡൽഹി / പട്ന: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ ഉത്തരവ് പുറപ്പെടുവിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച് എച്ച് വർമ്മയെ ജില്ലാ ജഡ്ജിയായി നിയമിക്കുന്നതിന് മുന്നോടിയായുള്ള സെലക്ട് ലിസ്റ്റ് പുറത്തുവിട്ടത് വിവാദത്തിൽ. സർവീസിലെ മുതിർന്ന സിവിൽ ജഡ്ജിമാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പട്ടികയാണിത്. ഈ മാസം 23നാണ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് രണ്ടാഴ്ച മുമ്പുള്ളതായിരുന്നു പട്ടിക. 68 പേരുടെ പട്ടികയിൽ 58-ാം സ്ഥാനത്തുള്ള വർമ്മയ്ക്ക് 200 ൽ 127 മാർക്ക് ഉണ്ട്. അന്തിമ നിയമന വിജ്ഞാപനം ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും ഉടൻ ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധിക്കെതിരായ ഉത്തരവിനുള്ള പ്രതിഫലമാണിതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

Read More

ന്യുഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് മൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,095 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. മഹാരാഷ്ട്ര, ഡൽഹി, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം വർധിച്ചത്. കഴിഞ്ഞ ദിവസം 3,016 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 765 കേസുകളും കേരളത്തിൽ നിന്നാണ്. ഇതിൽ ഭൂരിഭാഗവും എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. ജനിതക പരിശോധനയ്ക്ക് അയച്ചവയിൽ ഭൂരിഭാഗവും ഒമിക്രോണുകളാണെന്നും കണ്ടെത്തി.

Read More