
തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് എട്ടിനും ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണ്‍ പത്തിനും പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനം അതിന്റെയും ഫലം പ്രസിദ്ധീകരിക്കും.
ആകെ 4,17,497 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പരീക്ഷാ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അദ്ധ്യാപകര്‍ക്കെതിരെ നടപടിക്കു നിര്‍ദേശം നല്‍കിയെന്നും മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വരുത്തുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.


