
മനാമ: എയർ ഇന്ത്യയുടെ ബഹ്റൈൻ സെയിൽസ് മാനേജറായി 20 വർഷം സേവനമനുഷ്ഠിച്ച നാരായണ മേനോൻ ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിക്കുന്നു. 2026 ഓഗസ്റ്റ് 10 മുതൽ വിരമിക്കൽ പ്രാബല്യത്തിൽ വരും. രണ്ടു പതിറ്റാണ്ട് നീണ്ട സേവനകാലം നിരവധി വിലപ്പെട്ട ഓർമകളും മികച്ച സൗഹൃദങ്ങളും സമ്മാനിച്ചതായി നാരായണ മേനോൻ പറഞ്ഞു. ഒട്ടേറെ ആളുകളെ പരിചയപ്പെടാനും അവരെ സഹായിക്കാനും ലഭിച്ച അവസരം വലിയ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്കപ്പുറം സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. സേവനത്തിന് അവസരം നൽകിയ എയർ ഇന്ത്യയ്ക്കും തന്റെ യാത്രയുടെ ഭാഗമായ എല്ലാവർക്കും നാരായണ മേനോൻ ഹൃദയപൂർവം നന്ദി അറിയിച്ചു. വിരമിച്ചതിനുശേഷവും തൽക്കാലം ബഹ്റൈനിൽതന്നെ തുടരുമെന്നും സുഹൃത്തുക്കളുമായും സമൂഹവുമായുമുള്ള ബന്ധം നിലനിർത്തുമെന്നും അദ്ദേഹം അറിയിച്ചു.


