
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പരിക്കേറ്റ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ വാർത്താസമ്മേളനം നടത്തി. തങ്ങളുടെ ഉറ്റവർ ഡ്യൂട്ടി നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റെന്നും ഉദ്യോഗസ്ഥരുടെ ഭാര്യമാരും മക്കളും പറഞ്ഞു.
ജൂലൈ 20ന് രാത്രി പരിക്കുകളോടെ ഭർത്താവ് വീട്ടിലെത്തിയ കാഴ്ച തനിക്കും രണ്ടുവയസ്സുകാരിയായ മകൾക്കും വലിയ മാനസികാഘാതമുണ്ടാക്കിയതായി ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഭാര്യ പറഞ്ഞു. മറ്റ് പരിക്കേറ്റ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജന്തർ മന്തറിലെ വേദിക്കു സമീപംവെച്ച് തന്റെ പിതാവിനെ അക്രമാസക്തരായ ആളുകൾ പിടിച്ചുവലിച്ച് ക്രൂരമായി മർദിച്ചതായി ഒരു സബ് ഇൻസ്പെക്ടറുടെ മകൾ ആരോപിച്ചു. പൊലീസിൽ ചേരുന്നതിനുമുൻപ് ഇന്ത്യൻ നാവികസേനയിൽ മറൈൻ കമാൻഡോയായി 15 വർഷം സേവനമനുഷ്ഠിച്ചയാളാണ് പിതാവെന്നും അവർ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടുമണിയോടെയുണ്ടായ ആക്രമണത്തിനുശേഷം ഏകദേശം നാലുമണിക്കൂറോളം പിതാവ് ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു. രാത്രി പത്തുമണിയോടെയാണ് സഹപ്രവർത്തകർ വീട്ടിലെത്തിച്ചത്. അദ്ദേഹത്തിന്റെ യൂണിഫോം രക്തത്തിൽ കുതിർന്ന നിലയിലായിരുന്നുവെന്നും ആ കാഴ്ച താങ്ങാനായില്ലെന്നും മകൾ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ പിതാവിനെ കുറ്റവാളിയായി ചിത്രീകരിക്കുന്ന പ്രചാരണങ്ങൾ കണ്ടത് ഏറെ വേദനിപ്പിച്ചതായും കുടുംബം വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയെന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് പിതാവിന് നീതി ലഭ്യമാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നും മകൾ അറിയിച്ചു.
പ്രതിഷേധം വിദ്യാർത്ഥികളുടേത് മാത്രമായിരുന്നില്ലെന്നും അക്രമം ലക്ഷ്യമിട്ട ചിലർ സമരത്തിലേക്ക് നുഴഞ്ഞുകയറിയെന്നുമാണ് മറ്റൊരു ഉദ്യോഗസ്ഥന്റെ കുടുംബാംഗത്തിന്റെ ആരോപണം. രേഖകൾ പരിശോധിച്ച് നിരപരാധികളായ വിദ്യാർത്ഥികളെ വിട്ടയക്കണമെന്നും അക്രമം നടത്തിയവരെ കണ്ടെത്തി കർശനമായി ശിക്ഷിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.


