കൊല്ലം: വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളിയായ നഴ്സിങ് കോളേജ് ചെയർമാനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂർ നരിക്കൽ സ്വദേശി പി.വി. ബിനുവാണ് പിടിയിലായത്. വിദ്യാർഥിനിയുടെ അമ്മ തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കേരളത്തിലെത്തിയ തമിഴ്നാട് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി തെങ്കാശിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെങ്കാശി ജില്ലയിലെ പൻപൊഴിക്ക് സമീപമുള്ള സെന്റ് മേരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ മേധാവിയാണ് ബിനു. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികൾക്ക് സ്ഥാപനത്തിൽ പ്രവേശനം ലഭ്യമാക്കിയശേഷം പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിലെ ആരോപണം.
കൂടുതൽ വിദ്യാർഥികൾ സമാനമായ പരാതികളുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയും പ്രതിയുടെ മറ്റ് ബന്ധങ്ങളെയും കുറിച്ചും അന്വേഷണം തുടരുകയാണ്. ആരോപണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

