
മനാമ: ബഹ്റൈൻ സായുധസേനയുടെ പരമോന്നത കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ‘ബഹ്റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസത്തിന് സാക്ഷ്യംവഹിച്ചു.

മുഹമ്മദ് ബിൻ സായിദ് സ്ക്വാഡ്രൺ, ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുടെ സായുധസേനകൾ, ഏകീകൃത സൈനിക കമാൻഡിന് കീഴിലുള്ള യൂണിറ്റുകൾ, സൗദി അറേബ്യയിൽനിന്നുള്ള സേനാംഗങ്ങൾ എന്നിവരാണ് അഭ്യാസത്തിൽ പങ്കെടുത്തത്. ജിസിസി രാജ്യങ്ങൾക്കിടയിലെ സംയുക്ത സൈനിക പ്രവർത്തനം ശക്തിപ്പെടുത്തുകയും അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവെക്കുകയും ചെയ്യുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം.
പരിശീലനവേദിയിലെത്തിയ ഹിസ് മജസ്റ്റിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

ചടങ്ങിൽ സംസാരിച്ച ഹിസ് മജസ്റ്റി, വിശിഷ്ടാതിഥികളെയും സൈനിക പ്രതിനിധികളെയും ബഹ്റൈനിലേക്ക് സ്വാഗതം ചെയ്തു. ജിസിസി രാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൃഢവും ദീർഘകാലവുമായ ബന്ധങ്ങളിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സാഹചര്യങ്ങളിലും ജിസിസി പങ്കാളികൾ നൽകുന്ന ഉറച്ച പിന്തുണയെ ബഹ്റൈൻ ഏറെ വിലമതിക്കുന്നതായും ഐക്യം, പരസ്പര ബഹുമാനം, സഹകരണം, പൊതുവായ ദൃഢനിശ്ചയം എന്നിവയാണ് പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ അടിത്തറയെന്നും ഹിസ് മജസ്റ്റി വ്യക്തമാക്കി.
ജിസിസി അംഗരാജ്യങ്ങൾക്കിടയിൽ സംയുക്ത പ്രവർത്തനത്തിന്റെ മാതൃക സൃഷ്ടിക്കുന്നതിൽ ഗൾഫ് സഹകരണ കൗൺസിൽ ദീർഘകാലമായി കൈവരിച്ച വിജയത്തെ ഹിസ് മജസ്റ്റി എടുത്തുപറഞ്ഞു. കൂട്ടായ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സംയുക്ത പ്രതിരോധശേഷി വികസിപ്പിക്കുന്നതിനുമുള്ള ജിസിസിയുടെ ശ്രമങ്ങളുടെ പ്രായോഗിക തുടർച്ചയാണ് ‘ബഹ്റൈൻ ഷീൽഡ്’ അഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് പരാമർശിച്ച രാജാവ്, ജിസിസി രാജ്യങ്ങളോടുള്ള ഇറാന്റെ സമീപനത്തിൽ ഖേദം പ്രകടിപ്പിച്ചു. ന്യായീകരിക്കാനാവാത്ത പ്രകോപനം മേഖലാ സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിൽ അന്താരാഷ്ട്ര പിന്തുണയ്ക്കും ജിസിസി രാജ്യങ്ങളും സുഹൃദ്-സഖ്യരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ-പ്രതിരോധ ഏകോപനത്തിനും വലിയ പ്രാധാന്യമുണ്ടെന്നും ഹിസ് മജസ്റ്റി വ്യക്തമാക്കി. പരസ്പരബന്ധങ്ങൾ ഇസ്ലാമിക സാഹോദര്യം, സമാധാനപരമായ സഹവർത്തിത്വം, നല്ല അയൽപക്കബന്ധങ്ങളുടെ ഉത്തരവാദിത്വം എന്നിവയ്ക്ക് മുൻഗണന നൽകി ശരിയായ ദിശയിലേക്ക് മടങ്ങുമെന്ന പ്രത്യാശയും രാജാവ് പങ്കുവെച്ചു.
യുഎഇ സായുധസേനയുടെ കിങ് ഹമദ് ബ്രിഗേഡ് അഭ്യാസത്തിൽ പങ്കെടുത്തതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള സേനാംഗങ്ങൾ പ്രകടിപ്പിച്ച മികവിനെയും കൃത്യതയെയും പ്രൊഫഷണലിസത്തെയും രാജാവ് അഭിനന്ദിച്ചു. ജിസിസി രാജ്യങ്ങൾ എല്ലാ മേഖലകളിലും ഒറ്റക്കെട്ടാണെന്നും സേനകളുടെ ഏകോപനം ഗൾഫ് ജനതയെ ബന്ധിപ്പിക്കുന്ന പൊതുലക്ഷ്യത്തിന്റെയും പങ്കിട്ട ഭാവിയുടെയും പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

സംയുക്ത സൈനികശേഷി വികസിപ്പിക്കാനും സേനകളുടെ പ്രവർത്തനസജ്ജത വർധിപ്പിക്കാനും ജിസിസി സായുധസേനകൾക്കിടയിലെ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനും അഭ്യാസം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ‘ബഹ്റൈൻ ഷീൽഡ്’ അഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തെത്തിയ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ രാജാവ് സ്വീകരിച്ചിരുന്നു. ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.


