
കൊച്ചി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി.) ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള ‘WMC Global Meet @ Kochi’ 2026 ഓഗസ്റ്റ് 22-ന് കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും. അഞ്ച് ഗ്ലോബൽ റീജിയനുകളിലെയും വിവിധ പ്രൊവിൻസുകളിലെയും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി വലിയത്ത്, വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ് ചെയർ ടി.പി. വിജയൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.
മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, വിവിധ ജനപ്രതിനിധികൾ, സാഹിത്യ, സാമൂഹിക, സാംസ്കാരിക, വ്യവസായ മേഖലകളിലെ പ്രമുഖർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. പ്രവാസി മലയാളികളുടെ ആഗോള സഹകരണവും സാമൂഹിക സേവന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക, പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുക, ലോകമെമ്പാടുമുള്ള ഡബ്ല്യു.എം.സി. നേതൃത്വത്തെ ഒരേ വേദിയിൽ അണിനിരത്തുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഡബ്ല്യു.എം.സി. ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ സ്പോൺസർഷിപ്പിൽ നടപ്പാക്കുന്ന ഒരു കോടി രൂപയുടെ ഗ്ലോബൽ നഴ്സിങ് സ്കോളർഷിപ്പ് പദ്ധതിയാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷണം. പദ്ധതിയിലൂടെ 100 നഴ്സിങ് വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം വിദ്യാഭ്യാസ സഹായം നൽകും.
ആദ്യഘട്ടത്തിൽ 25 വിദ്യാർഥികൾക്ക് തിരുവനന്തപുരത്ത് സ്കോളർഷിപ്പ് വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ടമായി 25 വിദ്യാർഥികൾക്ക് കൊച്ചിയിലെ ഗ്ലോബൽ മീറ്റിൽ സഹായം കൈമാറും. ശേഷിക്കുന്ന 50 വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുടർഘട്ടങ്ങളിൽ വിതരണം ചെയ്യും.
ഡബ്ല്യു.എം.സി. തിരു-കൊച്ചി പ്രൊവിൻസാണ് സമ്മേളനത്തിന്റെ ഏകോപന ചുമതല നിർവഹിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റീജിയൻ, പ്രൊവിൻസ് പ്രതിനിധികളുടെ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കുമെന്ന് സംഘാടകർ അറിയിച്ചു.


