
കൊല്ലം: കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തുടർന്നു കൊല്ലത്തെ ഒരു എൻഎസ്എസ് കരയോഗത്തിന്റെ ഭരണസമിതിക്കെതിരെ നടപടി. പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന് കീഴിലുള്ള 5785-ാം നമ്പർ കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻഎസ്എസ് കരയോഗത്തിന്റെ ഭരണസമിതിയാണ് പിരിച്ചുവിട്ടത്. എൻഎസ്എസ് രജിസ്ട്രാർ താൽക്കാലിക ഭരണസമിതിയെയും നിയമിച്ചു.
എൻഎസ്എസ് നേതൃത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.ബി. ഗണേഷ് കുമാറിനെ കരയോഗത്തിന്റെ ആത്മീയ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചതാണ് നടപടിക്ക് വഴിവെച്ചത്. പരിപാടിയിൽ സംസാരിച്ച ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വത്തെയും താലൂക്ക് യൂണിയൻ ഭാരവാഹികളെയും രൂക്ഷമായി വിമർശിക്കുകയും സംഘടനയിൽ ഏകാധിപത്യ പ്രവണതയുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് സമുദായാംഗങ്ങൾ എൻഎസ്എസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ ശേഷം ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കരയോഗ ഭരണസമിതിയെ പിരിച്ചുവിടാൻ എൻഎസ്എസ് നേതൃത്വം തീരുമാനിച്ചത്.
നടപടിയുടെ ഭാഗമായി കരയോഗത്തിന്റെയും അതിന്റെ സ്വത്തുക്കളുടെയും ഭരണചുമതല എൻഎസ്എസ് രജിസ്ട്രാർ നേരിട്ട് ഏറ്റെടുത്തു. തുടർഭരണത്തിനായി കരയോഗാംഗമായ കൊട്ടറഴികത്ത് വീട്ടിൽ രഞ്ജുവിനെ ചെയർമാനാക്കി താൽക്കാലിക ഭരണസമിതിയെ നിയോഗിച്ചുകൊണ്ട് ഉത്തരവും പുറത്തിറക്കി.


