ബ്യൂണസ് അയേഴ്സ്: ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അർജന്റീനയ്ക്കും രാജ്യത്തെ പൗരന്മാർക്കുമെതിരെ വിദ്വേഷവും വിവേചനവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന വിദേശികൾക്കെതിരെ കർശന നടപടിക്ക് പ്രസിഡന്റ് ജാവിയർ മിലേയ് ഉത്തരവിട്ടു. ഇത്തരക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കാനും അർജന്റീനയിൽ താമസിക്കുന്നവരെ നാടുകടത്താനും സർക്കാരിന് അധികാരം നൽകുന്നതാണ് അടിയന്തര ഉത്തരവ്.
അർജന്റീനിയൻ പൗരന്മാരെ അവരുടെ ദേശീയതയുടെ പേരിൽ അധിക്ഷേപിക്കുകയോ വിവേചനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് നടപടി. രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതും പ്രവേശനവിലക്കിനും താമസാനുമതി റദ്ദാക്കുന്നതിനും കാരണമാകാം.
ലോകകപ്പിനിടെ അർജന്റീനയുടെ താരങ്ങളുടെയും ആരാധകരുടെയും പെരുമാറ്റത്തെച്ചൊല്ലി വ്യാപക വിമർശനം ഉയർന്നിരുന്നു. ഫിഫയും റഫറിമാരും അർജന്റീനയ്ക്കും ലയണൽ മെസിക്കും അനുകൂലമായ തീരുമാനങ്ങളെടുത്തെന്ന ആരോപണങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഫൈനലിനുശേഷമുണ്ടായ സംഘർഷങ്ങളും രാജ്യത്തിനെതിരായ വിമർശനം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഓഫീസ് കുടിയേറ്റനിയമത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, സർക്കാരിനെയോ രാജ്യത്തിന്റെ നയങ്ങളെയോ വിമർശിക്കുന്ന എല്ലാ വിദേശികൾക്കും വിലക്കേർപ്പെടുത്തുന്നതല്ല ഉത്തരവ്. ഭരണഘടന സംരക്ഷിക്കുന്ന രാഷ്ട്രീയ, അക്കാദമിക വിമർശനങ്ങളെ നടപടിയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിദ്വേഷപ്രചാരണവും അഭിപ്രായസ്വാതന്ത്ര്യവും എങ്ങനെ വേർതിരിക്കുമെന്ന കാര്യത്തിൽ വിമർശകർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഉത്തരവ് പ്രാബല്യത്തിൽ വന്നാലും അർജന്റീനയുടെ കോൺഗ്രസിന് അത് റദ്ദാക്കാനുള്ള അധികാരമുണ്ട്.

