
മനാമ: ബഹ്റൈനിലെ പ്രൊഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം വർഷംതോറും നൽകിവരുന്ന കർമ്മജ്യോതി പുരസ്കാരത്തിന് പ്രമുഖ സാമൂഹിക പ്രവർത്തകൻ വേണു വടകരയെ തെരഞ്ഞെടുത്തു. പി.ജി.എഫ് ഭാരവാഹികളാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽ നടത്തിവരുന്ന പ്രവർത്തനങ്ങളും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ പുലർത്തുന്ന സജീവ ഇടപെടലുകളും പരിഗണിച്ചാണ് പുരസ്കാരം.
ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്.വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി.വി. രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി. ഉണ്ണികൃഷ്ണൻ, മനോജ് വടകര, ബഷീർ അമ്പലായി തുടങ്ങിയവരാണ് മുൻവർഷങ്ങളിൽ കർമ്മജ്യോതി പുരസ്കാരം നേടിയവർ.
സംഘടനയിലെ അംഗങ്ങൾക്കായി ഏർപ്പെടുത്തിയ മറ്റു പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. പി.ജി.എഫ് പ്രോഡിജി അവാർഡിന് രശ്മി എസ്. നായരും മികച്ച കൗൺസിലർക്കുള്ള പുരസ്കാരത്തിന് ബിജു തോമസും അർഹരായി. റോസ് ലാസറിന് മികച്ച ഫാക്കൽറ്റി പുരസ്കാരവും രഞ്ജിത്ത് ജോണിന് മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരവും ജിഷ അനു വില്യമിന് മികച്ച കോ-ഓർഡിനേറ്റർക്കുള്ള പുരസ്കാരവും സമ്മാനിക്കും.
2026 ഒക്ടോബർ രണ്ടിന് സൽമാനിയയിലെ കെ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇതോടൊപ്പം ഓണാഘോഷ പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബിനു ബിജു പ്രസിഡന്റും ബിജു കെ.പി. ജനറൽ സെക്രട്ടറിയുമായുള്ള 32 അംഗ നിർവാഹക സമിതിയാണ് നോർക്ക അംഗീകാരമുള്ള പ്രവാസി ഗൈഡൻസ് ഫോറത്തിന് നേതൃത്വം നൽകുന്നത്.

വേണു വടകരയെക്കുറിച്ച്
കോഴിക്കോട് ജില്ലയിലെ വടകര ചെമ്മരത്തൂർ സ്വദേശിയായ വേണു വടകര കഴിഞ്ഞ 35 വർഷത്തോളമായി ബഹ്റൈനിൽ പ്രവാസിയാണ്. പ്രവാസി ക്ഷേമം, നോർക്ക സേവനങ്ങൾ, പ്രവാസി ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നു.
ബഹ്റൈനിൽ മരണമടയുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് ലഭിക്കേണ്ട നോർക്ക മരണാനന്തര ആനുകൂല്യങ്ങളും മറ്റ് സഹായങ്ങളും തടസ്സങ്ങളില്ലാതെ ലഭ്യമാക്കുന്നതിനായി വേണു നടത്തിവരുന്ന സേവനങ്ങൾ ശ്രദ്ധേയമാണ്. സ്വന്തം ജോലിത്തിരക്കുകൾക്കിടയിലും പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി നിരന്തരം പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നിസ്വാർഥ സേവനത്തിനുള്ള അംഗീകാരമായാണ് കർമ്മജ്യോതി പുരസ്കാരം സമ്മാനിക്കുന്നത്.


