കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുൻമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം തയ്യാറാക്കിയ കള്ളക്കഥകളാണ് പ്രചരിക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിയാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീണ വിജയൻ ഇഡിയുടെ ചോദ്യംചെയ്യലിൽ സമ്മതിച്ചതായുള്ള വാർത്തയും അദ്ദേഹം നിഷേധിച്ചു. ഇഡി ചോർത്തിനൽകിയതായി പറയപ്പെടുന്ന റിപ്പോർട്ടിൽ അത്തരത്തിലുള്ള പരാമർശങ്ങളുണ്ടെങ്കിൽ അത് തന്നെ അപകീർത്തിപ്പെടുത്താൻ മെനഞ്ഞതാണെന്ന് റിയാസ് സമൂഹമാധ്യമക്കുറിപ്പിൽ ആരോപിച്ചു.
രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന റിയാസ് കൈക്കൂലിയായി 20.5 കോടി രൂപ സമ്പാദിച്ചെന്നും അതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ ഇഡി ചൂണ്ടിക്കാട്ടിയതായാണ് മാധ്യമവാർത്തകൾ. ഈ പണം സിഎംആർഎല്ലിൽനിന്ന് ലഭിച്ചതല്ലെന്നും റിപ്പോർട്ടുകളിൽ അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് റിയാസിന്റെ പ്രതികരണം.
ഇഡി അന്വേഷണത്തിന്റെ പേരിൽ പുറത്തുവരുന്ന അസംബന്ധ വിവരങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ ശക്തമായ നിലപാട് തുടരുമെന്ന് റിയാസ് പറഞ്ഞു. “മനുഷ്യരുടെ പച്ചയിറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ” എന്ന് പരിഹസിച്ച അദ്ദേഹം ആരോപണങ്ങൾക്കെതിരെ നിയമപരമായി പോരാടുമെന്നും വ്യക്തമാക്കി.

