ന്യൂഡൽഹി: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ശബ്ദവും അനുകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ്. പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന വ്യാജ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.
വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് പ്രിയങ്ക ഗാന്ധി സംസാരിക്കുന്നതെന്ന തരത്തിൽ നിർമിച്ച വ്യാജ വീഡിയോകൾ പ്രചരിക്കുന്നത്. ഇവയിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുതെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
വ്യാജ നിക്ഷേപ വാഗ്ദാനങ്ങളിലൂടെ ഉപയോക്താക്കളിൽനിന്ന് പണം തട്ടുകയാണ് ഇത്തരം ഡീപ്ഫേക്ക് വീഡിയോകളുടെ ലക്ഷ്യം. പ്രിയങ്ക ഗാന്ധിയുമായി ഈ വീഡിയോകൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഓഫീസ് അറിയിച്ചു.
സംശയാസ്പദമായ വീഡിയോകളും പോസ്റ്റുകളും ഉടൻ റിപ്പോർട്ട് ചെയ്യുകയും ബന്ധപ്പെട്ട അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും വേണം. ഉള്ളടക്കത്തിന്റെ ആധികാരികത സ്ഥിരീകരിക്കാതെ ലിങ്കുകൾ തുറക്കുകയോ വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

