
മനാമ: ഗൾഫ് മേഖലയിലെ സംഘർഷങ്ങളും ആഗോള എണ്ണവിലയിലെ വർധനയും കുടുംബങ്ങളുടെ ചെലവ് ഉയർത്തുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ കൂടുതൽ വിലകുറഞ്ഞ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗങ്ങൾ. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ചെയർമാൻ ഹസൻ ബുഖമ്മാസിന്റെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിർദേശം മുന്നോട്ടുവച്ചത്.
നിലവിലുള്ള ജയ്യിദ് 91 പെട്രോളിന്റെ വില ഗണ്യമായി കുറയ്ക്കുകയോ ഒക്ടേൻ നിരക്ക് കുറഞ്ഞ പുതിയ ഇന്ധന ഗ്രേഡ് വിപണിയിലെത്തിക്കുകയോ ചെയ്യുന്നതിനുള്ള സാധ്യത പഠിക്കണമെന്നാണ് ആവശ്യം.
ബഹ്റൈനിൽ ജയ്യിദ് 91 പെട്രോളിന് ലിറ്ററിന് 0.225 ദിനാറും മുംതാസ് 95ന് 0.247 ദിനാറുമാണ് നിലവിലെ വില. ഇരുവരും തമ്മിലുള്ള വ്യത്യാസം ലിറ്ററിന് 22 ഫിൽസ് മാത്രമാണ്. 50 ലിറ്റർ ടാങ്ക് നിറയ്ക്കുമ്പോൾ ആകെ 1.100 ദിനാറിന്റെ വ്യത്യാസമാണുണ്ടാകുന്നത്.

വിലവ്യത്യാസം വളരെ കുറവായതിനാൽ വാഹന ഉടമകൾ കൂടുതലായി മുംതാസ് 95 തെരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്ന് ഹസൻ ബുഖമ്മാസ് ചൂണ്ടിക്കാട്ടി. ഇതോടെ കുറഞ്ഞ നിരക്കിലുള്ള ഇന്ധനമെന്ന ജയ്യിദ് 91ന്റെ പ്രസക്തി ക്രമേണ നഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വടക്കേ അമേരിക്കയിലും ജപ്പാൻ, ഇന്തോനേഷ്യ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ചില ഏഷ്യൻ രാജ്യങ്ങളിലും 90ൽ താഴെ ഒക്ടേൻ റേറ്റിങ്ങുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുന്നുണ്ട്. വാഹനങ്ങളുടെ എൻജിനുകൾക്കും പരിസ്ഥിതിക്കും അനുയോജ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ ഉറപ്പാക്കിയശേഷം സമാനമായ ഇന്ധനം ബഹ്റൈനിലും അവതരിപ്പിക്കാനാകുമോ എന്ന് പരിശോധിക്കണമെന്നാണ് എംപിമാരുടെ ആവശ്യം.
വിലകുറഞ്ഞ പുതിയ ഇന്ധന ഗ്രേഡ് ലഭ്യമാക്കാനായാൽ സാധാരണക്കാരായ വാഹന ഉടമകൾക്കും കുടുംബങ്ങൾക്കും സാമ്പത്തിക ആശ്വാസമാകുമെന്നാണ് നിർദേശം മുന്നോട്ടുവച്ച എംപിമാരുടെ വിലയിരുത്തൽ.


