ന്യൂഡൽഹി: ബിജെപി നേതാവ് ഗൗരവ് ഭാട്ടിയക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. വസ്തുതകൾ പരിശോധിക്കാതെ ഒരാൾക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് തുഷാർ റാവു ഗെഡേല വാക്കാൽ നിരീക്ഷിച്ചു.
സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർ സെപ്റ്റംബർ അഞ്ചിന് എക്സിൽ പങ്കുവെച്ച പോസ്റ്റുകളാണ് കേസിനാധാരം. ഭാട്ടിയ നടത്തിയിട്ടില്ലാത്ത പരാമർശങ്ങൾ അദ്ദേഹത്തിന്റേതെന്ന രീതിയിൽ പ്രചരിപ്പിച്ചെന്നാണ് ഹർജിയിലെ ആരോപണം.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ പോസ്റ്റിൽ ഭാട്ടിയയുടെ ചിത്രത്തോടൊപ്പം വ്യാജപ്രസ്താവന ചേർത്തതായും ഹർജിയിൽ പറയുന്നു. ഇതിലൂടെ തന്റെ പ്രതിച്ഛായയ്ക്ക് കേടുപാടുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാട്ടിയ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകിയത്.
വിവാദ പോസ്റ്റുകളിൽ ഒന്ന് ഇതിനകം നീക്കം ചെയ്തതായി സിജെപി നേതാക്കൾ കോടതിയെ അറിയിച്ചു. ശേഷിക്കുന്ന പോസ്റ്റുകളും സ്വമേധയാ പിൻവലിക്കാൻ തയ്യാറാണോ എന്ന് പരിശോധിച്ച് കോടതിയെ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.
അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും അത് ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണമെന്ന് കോടതി ഓർമിപ്പിച്ചു. കേസ് പിന്നീട് വീണ്ടും പരിഗണിക്കും.

