കൊച്ചി: വീട്ടിൽ അനുവദനീയമായ പരിധിയിലധികം വിദേശമദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഏകദേശം 67 ലിറ്റർ വിദേശമദ്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. അബ്കാരി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടതായി പറയുന്ന തട്ടിപ്പുകേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം ആന്റോ അഗസ്റ്റിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വിദേശമദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് എസ്ഐടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ എക്സൈസ് സംഘം മദ്യം പിടിച്ചെടുത്തു.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെ ഓഫീസിലെത്തിയാണ് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം എഫ്ഐആർ പകർപ്പ് ആവശ്യപ്പെട്ട അദ്ദേഹം, അത് ലഭിച്ചതിനുശേഷമാണ് അറസ്റ്റിനോട് സഹകരിച്ചതെന്നാണ് വിവരം.
മദ്യം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതിരുന്ന ആന്റോ അഗസ്റ്റിൻ, ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പ്രതികരിച്ചു. പിന്നീട് വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

