
ദുബായ്: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കുന്ന ബഹ്റൈൻ രാജ്യത്തിന്റെ പവിലിയൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. സെപ്റ്റംബർ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് ബഹ്റൈൻ പവിലിയൻ ഒരുക്കിയിരിക്കുന്നത്.

പവിലിയനിലെത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറാഫി സ്വീകരിച്ചു. ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ആഴത്തിലുള്ള സഹോദരബന്ധത്തിന്റെയും ചരിത്രപരമായ ബന്ധത്തിന്റെയും പ്രതിഫലനമാണ് ഈ സന്ദർശനമെന്ന് മന്ത്രി പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, ടൂറിസം അനുഭവങ്ങൾ, പ്രാദേശികവും അന്താരാഷ്ട്രവുമായ തലങ്ങളിൽ ബഹ്റൈനെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി ഉയർത്തുന്ന പദ്ധതികൾ എന്നിവ സംബന്ധിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് വിശദീകരണം നൽകി.

ബഹ്റൈൻ പവിലിയനിലെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം വ്യക്തമാക്കുന്നതാണെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. ബഹ്റൈന്റെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും യാത്രാ-ടൂറിസം മേഖലയിലെ പങ്കാളികളുമായി ബന്ധം ശക്തിപ്പെടുത്താനും അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രധാന വേദിയാണെന്നും അവർ പറഞ്ഞു.

വിനോദസഞ്ചാര മേഖലയിൽ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകീകരണവും ശക്തിപ്പെടുത്തുന്നതിൽ ഇത്തരം അന്താരാഷ്ട്ര പ്രദർശനങ്ങൾ നിർണായകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബഹ്റൈന്റെ ടൂറിസം വൈവിധ്യം, ആകർഷക കേന്ദ്രങ്ങൾ, അനുഭവസമ്പന്നമായ ഹോസ്പിറ്റാലിറ്റി മേഖല എന്നിവയെ ആഗോള തലത്തിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ പങ്കാളിത്തം.


