കാസർകോട്: ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവർ മരിച്ചത്.
മകൻ സതീഷ് ഡി. കരിവേലി കാസർകോട് ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് അധ്യാപകനാണ്. വിദ്യാനഗർ പാറക്കട്ടയിലെ സതീഷിന്റെ വീട്ടിലായിരുന്നു സംഭവം.
ഗിരിജാദേവി അന്തർജനം 14ന് രാത്രി 11.30ഓടെയാണ് മരിച്ചത്. ഭാര്യയുടെ വിയോഗവിവരം ദേവദത്തനെ ഇന്നലെ രാവിലെ എട്ടോടെയാണ് അറിയിച്ചത്. തുടർന്ന് ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്ന് നാമം ജപിച്ചുകൊണ്ടിരിക്കെ ദേവദത്തന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവദത്തന്റെയും ഗിരിജാദേവിയുടെയും സംസ്കാരം ഇരവിനല്ലൂർ കരിവേലി ഇല്ലം വളപ്പിൽ നടത്തി.

