
മനാമ: കേരളീയ കലാരൂപങ്ങളും സംഗീതവിരുന്നും ഓണസദ്യയും ഒത്തുചേർന്ന ആഘോഷമായി ബഹ്റൈൻ നവകേരള സംഘടിപ്പിച്ച ‘നവകേരളോണം 2026’. ബിഎംസി ഹാളിൽ നടന്ന പരിപാടിയിൽ മലയാളത്തിന്റെ സാംസ്കാരിക തനിമയും ഓണത്തിന്റെ ഐക്യസന്ദേശവും നിറഞ്ഞുനിന്നു.

അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു. നാടുമായുള്ള പ്രവാസികളുടെ ആത്മബന്ധം നിലനിർത്തുന്നതിനും പരസ്പര സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക കൂട്ടായ്മകൾ നിർണായക പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബഹ്റൈൻ നവകേരളയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

നവകേരള പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജ് കൃഷ്ണൻ സ്വാഗതവും കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു ആശംസകളും നേർന്നു. പ്രോഗ്രാം ജനറൽ കൺവീനർ ബിജു മലയിൽ നന്ദി പറഞ്ഞു. തിരുവാതിരക്കളി, തെയ്യം, വിവിധ നൃത്താവതരണങ്ങൾ എന്നിവ ആഘോഷത്തിന് നിറപ്പകിട്ടേകി. സോപാനം വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികളും ജ്വാല മ്യൂസിക് ബാൻഡിന്റെ ഗാനമേളയും സദസ്സിന്റെ ശ്രദ്ധ നേടി.

ജോയിന്റ് കൺവീനർമാരായ റൈസൺ വർഗീസ്, ബിജു കൂരോപ്പട, രക്ഷാധികാരികളായ അജയകുമാർ, ഷാജി മൂതല, കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി സുനിൽദാസ് ബാല, ട്രഷറർ ഷാജഹാൻ കരുവന്നൂർ, ജോയിന്റ് സെക്രട്ടറി പ്രശാന്ത് മാണിയത്ത് എന്നിവരടക്കമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്റൈനിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും സാമൂഹിക–സാംസ്കാരിക പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടി സമാപിച്ചത്.


