കൊച്ചി: മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിശോധനകൾ അന്വേഷണത്തിന്റെ ഭാഗമായുള്ള നിയമാനുസൃത നടപടികളാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ടർ ചാനലിന്റെ വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയെന്ന ആരോപണം തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയ്ഡ് നടന്ന വിവരം പോലും അതേ ചാനലിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്സി തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോർട്ടർ ചാനൽ ഓഫീസിൽ പരിശോധന നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെസ്സിയുടെ പേരിൽ വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും, എവിടെ പരിശോധന നടത്തണമെന്നത് പൊലീസ് തീരുമാനിക്കുന്ന വിഷയമാണെന്നും അതിൽ സർക്കാരിന് യാതൊരു ഇടപെടലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ ഇടത് സർക്കാരിന്റെ കാലത്ത് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിരവധി നടപടികൾ സ്വീകരിച്ചിരുന്നുവെന്നും, ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസും റെയ്ഡും അതിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ ഡയറിയിലെ കണക്കുകളെക്കുറിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇഡി അയച്ച കത്ത് സർക്കാർ പരിശോധിച്ചുവരികയാണെന്നും, ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അതിവേഗ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും, ദീർഘകാലവും ഹ്രസ്വകാലവുമായ വൈദ്യുതി വാങ്ങൽ കരാറുകൾക്കാണ് മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി. യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

