
മനാമ: മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് ബോർഡ് പരീക്ഷകൾ പൂർത്തിയാക്കാൻ കഴിയാതെ പോയ ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെയും മറ്റ് പ്രദേശങ്ങളിലെയും വിദ്യാർഥികൾക്കായി സി.ബി.എസ്.ഇ പ്രത്യേക പരീക്ഷ നടത്തും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബോർഡിന്റെ തീരുമാനം.
മുമ്പ് റദ്ദാക്കിയ 40 വിഷയങ്ങളിലായിരിക്കും പ്രത്യേക പരീക്ഷ നടക്കുക. അസസ്മെന്റ് സ്കീം പ്രകാരം നേരത്തെ ഫലം പ്രഖ്യാപിച്ച റഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് ഈ അവസരം ഉപയോഗിക്കാം. വിദ്യാർഥികൾക്ക് ആവശ്യമുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് പരീക്ഷ എഴുതാനാകും.
പ്രത്യേക പരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി പരിഗണിക്കുക. സെപ്റ്റംബർ 22 മുതൽ 26 വരെ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ലിങ്ക് വഴി വിദ്യാർഥികൾക്ക് നേരിട്ട് അപേക്ഷിക്കാം. അപേക്ഷാ സമയപരിധി യാതൊരു കാരണവശാലും നീട്ടില്ലെന്ന് അധികൃതർ അറിയിച്ചു.


