
മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകാംഗങ്ങൾ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും രാജ്യത്തോടുമുള്ള വിശ്വസ്തതയും ഐക്യദാർഢ്യവും പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ച് പ്രഖ്യാപിച്ചു. അൽ ബുറഹർ മാർത്തോമ്മാ കോംപ്ലക്സിൽ നടന്ന ചടങ്ങിലാണ് ഇടവകാംഗങ്ങൾ ലോയൽറ്റി പ്ലെഡ്ജിൽ ഒപ്പുവെച്ചത്.

ഇടവക വികാരി റവ. ബിജു ജോൺ, സഹ വികാരി റവ. സാമുവൽ വർഗീസ്, ബഹ്റൈൻ പൗരനായ ഇടവകാംഗം എം. ടി. മാത്യൂസ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ചടങ്ങിന് നേതൃത്വം നൽകി. ഇടവകാംഗങ്ങൾ ഓരോരുത്തരും ഔദ്യോഗിക പ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പുവെച്ചത് രാജ്യത്തോടുള്ള വിശ്വാസത്തിന്റെയും നന്ദിയുടെയും ശക്തമായ പ്രതീകമായി മാറി.

കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി ബഹ്റൈൻ നൽകിയ സുരക്ഷ, ആരാധനാ സ്വാതന്ത്ര്യം, അവസരങ്ങൾ എന്നിവയ്ക്കുള്ള നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇടവകാംഗങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്തത്. 1962ൽ ഇന്ത്യൻ പ്രവാസികളുടെ ചെറിയ പ്രാർത്ഥനാ കൂട്ടായ്മയായി ആരംഭിച്ച ബഹ്റൈൻ മാർത്തോമ്മാ ഇടവക ഇന്ന് പാരമ്പര്യത്തിലും സേവനത്തിലും ആഴത്തിൽ വേരൂന്നിയ സജീവമായ വിശ്വാസ സമൂഹമായി വളർന്നിരിക്കുകയാണ്.

ബഹ്റൈന്റെ മതസൗഹാർദ്ദപരമായ സമീപനവും ദീർഘവീക്ഷണമുള്ള നേതൃത്വവും കാരണം ‘മുത്തുകളുടെ നാട്’ എന്നറിയപ്പെടുന്ന ഈ രാജ്യത്ത് രജിസ്റ്റർ ചെയ്ത സമൂഹമായി ഇടവക അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. രാജാവ് നൽകുന്ന സ്വാതന്ത്ര്യവും സൗമനസ്യവും സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കും സമാധാനപരമായ ആരാധനയ്ക്കും നിർണായകമാണെന്നും അവർ വ്യക്തമാക്കി.

ചടങ്ങിൽ ബഹ്റൈൻ രാജ്യത്തിന്റെ നേതൃത്വത്തോടും പരമാധികാരത്തോടുമുള്ള ഇടവകയുടെ അചഞ്ചലമായ ഐക്യദാർഢ്യം വീണ്ടും ഉറപ്പിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ആരോഗ്യത്തിനും ദീർഘായുസിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കുമായി പ്രത്യേക പ്രാർത്ഥനകളും നടത്തി.

ബഹ്റൈന്റെ പുരോഗതി, സമാധാനം, സാംസ്കാരിക ഐക്യം എന്നിവയോടുള്ള ഇടവകയുടെ നന്ദിയുടെയും പ്രതിബദ്ധതയുടെയും സ്ഥിരമായ പ്രതീകമായി ഒപ്പിട്ട പ്രതിജ്ഞാ രേഖ ബന്ധപ്പെട്ട സർക്കാർ അധികാരികൾക്ക് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.


