തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ സർക്കാർ ഏത് തരത്തിലുള്ള അന്വേഷണവും നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ നേരത്തെ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണെന്ന് പിണറായി പറഞ്ഞു. മെസി കേരളത്തിലെത്തണമെന്നത് ജനങ്ങളുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വരവിനെ സംസ്ഥാനം സ്വാഗതം ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, അർജന്റീന ടീമിന് അവരുടെതായ കാരണങ്ങളാൽ കേരളത്തിലെത്താൻ സാധിക്കാതെ പോയതാണ് പിന്നീട് സംഭവിച്ചതെന്ന് പിണറായി പറഞ്ഞു. വിഷയത്തിൽ എന്ത് അന്വേഷണം വേണമെന്ന് അന്വേഷിച്ച ശേഷമേ പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ സർക്കാരുമായിട്ടായിരുന്നില്ല
മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ സർക്കാരുമായിട്ടായിരുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. സ്പെയിനിലേക്ക് മന്ത്രി പോകുന്നതിന് പ്രത്യേക കരാർ ആവശ്യമില്ലെന്നും ഇക്കാര്യങ്ങളെല്ലാം അന്നത്തെ കായികമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശനവുമായി ബന്ധപ്പെട്ട രേഖകൾ തന്റെ കൈവശമുണ്ടെന്ന് മുൻ കായികമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ അദ്ദേഹത്തോട് ചോദിച്ചാൽ ലഭിക്കുമെന്നും പിണറായി പറഞ്ഞു.
മെസിക്കായി സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചിരുന്നു
മെസി എത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചിരുന്നുവെന്നും പിണറായി പറഞ്ഞു. സന്ദർശനത്തിനാവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കുകയും അതിന്റെ ഭാഗമായി ചില ധാരണകൾ ഉണ്ടാകുകയും ചെയ്തിരുന്നു.
മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തനിക്ക് വിശദമായി അറിയേണ്ടതില്ലെന്നും എന്നാൽ വിഷയത്തിൽ യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് പറയാനാകുമെന്നും പിണറായി വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുകയാണെങ്കിൽ അന്വേഷിക്കട്ടെയെന്നും പിണറായി പറഞ്ഞു.

