ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ടിക്കറ്റ് തീയതി എത്ര തവണ വേണമെങ്കിലും അധിക ഫീസ് നൽകാതെ മാറ്റാനുള്ള അവസരമാണ് യാത്രക്കാർക്ക് ലഭിക്കുക. പുതിയ പരിഷ്കാരങ്ങൾ ഓഗസ്റ്റ് 10 മുതൽ പ്രാബല്യത്തിൽ വന്നു.
ഇക്കോണമി ക്ലാസിലെ സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും ബിസിനസ് ക്ലാസിലെ സ്പെഷ്യൽ, സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും സൗജന്യമായി തീയതി മാറ്റാം. അനുവദനീയമായ ടിക്കറ്റ് കാലാവധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും ഈ സൗകര്യം ഉപയോഗിക്കാം.
ദുബൈയിലേക്കുള്ള യാത്ര റദ്ദാക്കുമ്പോൾ ഈടാക്കുന്ന നിരക്കുകളിലും കുറവ് വരുത്തിയിട്ടുണ്ട്. എമിറേറ്റ്സിന്റെ മറ്റു രാജ്യാന്തര റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തീയതി ഒരുതവണ സൗജന്യമായി മാറ്റാനുള്ള സൗകര്യവും ലഭിക്കും. കൂടാതെ, നിലവിലുള്ള നിരക്കിൽ മാറ്റമില്ലാതെ ടിക്കറ്റ് ബുക്കിങ് 24 മണിക്കൂർവരെ ഹോൾഡ് ചെയ്യാനും യാത്രക്കാർക്ക് സാധിക്കും.
സംഘർഷ മേഖലകളുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾക്ക് 25,000 ഡോളർവരെ പരിരക്ഷയും യാത്ര 30 ദിവസംവരെ സൗജന്യമായി നീട്ടാനുള്ള സൗകര്യവും ഉൾപ്പെടുന്ന സമഗ്ര ഇൻഷുറൻസ് പരിരക്ഷയും എമിറേറ്റ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.

