ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ₹15 കോടിയുടെ സൈബർ നിക്ഷേപ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ മലയാളിയാണെന്ന് ഡൽഹി പൊലീസ്. കാസർകോട് സ്വദേശി ജമാലുദ്ദീൻ ഫൈസിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ് അറിയിച്ചത്. ഇയാളുടെ സഹായി മുസമ്മിൽ തയ്ബിനെയും പൊലീസ് പിടികൂടി.
കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നായി കേസുമായി ബന്ധപ്പെട്ട ഒമ്പതുപേരെയാണ് അറസ്റ്റ് ചെയ്തത്. വാട്സാപ്പ് നിക്ഷേപ ഗ്രൂപ്പുകളും വ്യാജ ട്രേഡിങ് ആപ്പുകളും ഉപയോഗിച്ച് നിക്ഷേപകരുടെ വിശ്വാസം നേടിയശേഷമാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
ട്രേഡിങ് ആപ്പുകളിൽ വ്യാജ ലാഭം രേഖപ്പെടുത്തി കൂടുതൽ പണം നിക്ഷേപിക്കാൻ ഇരകളെ പ്രേരിപ്പിക്കുകയായിരുന്നു സംഘത്തിന്റെ രീതി. പിന്നീട് നികുതി, ബ്രോക്കറേജ്, ഐപിഒ അലോട്ട്മെന്റ്, അക്കൗണ്ട് വെരിഫിക്കേഷൻ തുടങ്ങിയ പേരുകളിൽ അധിക തുക ആവശ്യപ്പെടുകയും ചെയ്തു.
ഷെൽ സ്ഥാപനങ്ങളുടെ പേരിൽ തുറന്ന കറന്റ് അക്കൗണ്ടുകളിലൂടെ തട്ടിപ്പിലൂടെ ലഭിച്ച പണം പല ഘട്ടങ്ങളിലായി മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിന് ഖത്തർ ബന്ധമുണ്ടെന്നും ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരിൽനിന്ന് എട്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. വാട്സാപ്പ് ചാറ്റുകൾ, ബാങ്കിങ് രേഖകൾ, കെവൈസി വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ വിദേശബന്ധങ്ങളും മറ്റ് പ്രതികളുടെ പങ്കും സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

