
മനാമ: ബഹ്റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററും (PAACT) സ്റ്റാർവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘PAACT ഒരുമയുടെ ഓണം 2026’ ആഘോഷത്തിന്റെ ടിക്കറ്റിന്റെയും ഫ്ലയറിന്റെയും പ്രകാശനച്ചടങ്ങ് ജുഫൈറിലെ അൽമൊയ്യദ് പ്ലാസയിൽ പ്രൗഢഗംഭീരമായി നടന്നു.
സെപ്റ്റംബർ 18ന് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ അരങ്ങേറുന്ന പാക്ടിന്റെ വിപുലമായ ഓണാഘോഷത്തിന് മുന്നോടിയായാണ് വർണാഭമായ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.

‘ഒരുമയുടെ ഓണം–സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ പരിപാടികൾ ഒരുക്കുന്നത്. ബഹ്റൈനിലെ പാലക്കാട്ടുകാരെയും കുടുംബങ്ങളെയും ഒരുമിച്ചണിനിരത്തുന്ന ആഘോഷം, പ്രവാസലോകത്ത് പാലക്കാടിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ശ്രദ്ധേയമായ വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സെപ്റ്റംബർ 18 വെള്ളിയാഴ്ച ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ആഘോഷത്തിൽ പരമ്പരാഗത ഓണാഘോഷത്തിന്റെ എല്ലാ നിറങ്ങളും പകിട്ടോടെ അവതരിപ്പിക്കും. പാലക്കാടിന്റെ തനത് രുചിയും പാരമ്പര്യവും വിളിച്ചോതുന്ന പാലക്കാടൻ സദ്യ, പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കാറ്ററിങ് സ്ഥാപനമായ റൈറ്റ് ചോയ്സ് ഒരുക്കും. പാക്ട് പ്രസിഡന്റ് അശോക് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു.

സ്റ്റാർവിഷൻ ഇവന്റ്സ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, അൽമൊയ്യദ് പ്രോപ്പർട്ടീസ് ജനറൽ മാനേജർ രാമനുണ്ണി കോടൂർ, ഗ്ലോബൽ ലിഫ്റ്റ് മാനേജിങ് ഡയറക്ടർ സുരേഷ്, മോക്ഷ ഗോൾഡ് മാനേജിങ് ഡയറക്ടർ അജീഷ് എന്നിവർ ചേർന്ന് ‘PAACT ഒരുമയുടെ ഓണം 2026’ പരിപാടിയുടെ ഫ്ലയറും ടിക്കറ്റും പ്രകാശനം ചെയ്തു.
പാക്ട് ചീഫ് കോ-ഓർഡിനേറ്റർ ജ്യോതി മേനോൻ, ലേഡീസ് വിങ് പ്രസിഡന്റ് സജിത സതീഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പാക്ട് അംഗങ്ങളായ ബിജു പ്രഭാകർ, ജയപ്രകാശ്, മുഹമ്മദ്, അനിൽകുമാർ, ജഗദീഷ് കുമാർ, സൽമാനുൽ ഫാരിസ്, അനിൽ മാരാർ, ദേവദാസ്, സതീഷ് ഗോപാലകൃഷ്ണൻ, മൂർത്തി, ദീപക്, പ്രസന്ന, ഷീബ, ധന്യ തുടങ്ങിയവർ പങ്കെടുത്തു.
പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി, യങ് ടർക്സ്–പ്രവീൺ ടീം, കോർ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സജീവ സാന്നിധ്യമായി. വരാനിരിക്കുന്ന ഓണാഘോഷം വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങൾക്കും പ്രവർത്തനങ്ങൾക്കും എല്ലാവരും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
പാക്ടിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഒരുമയുടെ ഓണം 2026’, ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ ഓർമയിൽ നിറയുന്ന ആഘോഷമായി മാറ്റാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. സ്നേഹവും സൗഹൃദവും ഒരുമയും പങ്കുവെച്ച് പാലക്കാടിന്റെ ഓണപ്പെരുമ ബഹ്റൈനിൽ വീണ്ടും നിറയുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ് പാക്ട് കുടുംബം. രവി മാരത്ത് നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി 3987 1460, +973 3914 3350 എന്നീ നമ്പരിൽ ബന്ധപ്പെടണം.


