കണ്ണൂർ: തലശേരിയിൽ ബിജെപി മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ വൈശാഖ് എസ്. ദർശനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് രതിശനെ (59) ഈ മാസം മൂന്നിന് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ സ്വന്തം ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തുനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ വൈശാഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
റെയിൽവേയിൽ ടി.ടി.ആർ ജോലി വാഗ്ദാനം ചെയ്ത് രതിശൻ മുഖേന ഉദ്യോഗാർഥികളിൽനിന്ന് വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഉദ്യോഗാർഥികൾക്ക് വ്യാജ നിയമനക്കത്തുകൾ നൽകിയതായും പണം തിരികെ നൽകാമെന്ന ഉറപ്പ് പാലിച്ചില്ലെന്നും പൊലീസ് പറയുന്നു. നിയമനവാഗ്ദാനം വ്യാജമാണെന്ന് വ്യക്തമായതോടെ സാമ്പത്തിക സമ്മർദത്തിലായ രതിശൻ ജീവനൊടുക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട അപേക്ഷകൾ തയ്യാറാക്കി നൽകിയിരുന്ന രതിശന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു തൊഴിൽവാഗ്ദാന ഇടപാടുകൾ നടന്നതെന്നും പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.

