തിരുവനന്തപുരം: ജോഡോ യാത്രയിലൂടെ ഇന്ത്യ പുതിയ രാഹുൽ ഗാന്ധിയെ കണ്ടെത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് മാത്രം പോരെന്ന് അറിയാമെന്നും അതിനാലാണ് ലക്ഷ്യം നേടാൻ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറുള്ളവരെ കശ്മീരിലേക്ക് ക്ഷണിച്ചതെന്നും ആന്റണി പറഞ്ഞു.
ഭാരത് ജോഡോ യാത്ര പോലൊരു യാത്ര രാജ്യം കണ്ടിട്ടില്ല. രാഹുലിന്റെ യാത്രയിൽ ചേരാത്ത രാഷ്ട്രീയ പാർട്ടികളും അദ്ദേഹത്തോടൊപ്പം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്ര അവസാനിച്ചപ്പോൾ ഇന്ത്യ ഒരു പുതിയ രാഹുൽ ഗാന്ധിയെ കണ്ടെത്തി. ഭരണഘടനയുടെ എല്ലാ നല്ല അടിസ്ഥാന മൂല്യങ്ങളും തകർത്ത് പുതിയ ഭരണഘടന നിർമ്മിക്കാൻ ശ്രമിക്കുന്ന സർക്കാരിനെ താഴെയിറക്കണം. വിപ്ലവത്തിലൂടെയല്ല, ജനാധിപത്യ മാർഗങ്ങളിലൂടെ തോൽപ്പിക്കണം. അതിന് കോൺഗ്രസ് മാത്രം പോരെന്ന് കോൺഗ്രസിനറിയാം. അതിനാൽ, ഈ ലക്ഷ്യം നേടാൻ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറുള്ള എല്ലാവരെയും കശ്മീരിലേക്ക് ക്ഷണിച്ചിരുന്നു. ധാരാളം ആളുകൾ വന്നു, ചിലർ വന്നില്ല. നാളെ അവരും രാഹുൽ ഗാന്ധിയുടെ യാത്രയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആന്റണി പറഞ്ഞു.