
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഓഹരികൾ കൈമാറുന്നതിന് അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. സർക്കാരിന്റെ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയിൽ ഓഹരികൾ വിൽക്കാനോ കൈമാറാനോ കഴിയില്ലെന്നും അത്തരം നീക്കങ്ങൾക്ക് നിയമസാധുതയുണ്ടാകില്ലെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.

ആഗോള കപ്പൽ ഗതാഗത കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും അദാനി പോർട്സും തമ്മിൽ 49 ശതമാനം ഓഹരി കൈമാറ്റത്തിന് ധാരണയായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിലൂടെ ഏകദേശം 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം വിഴിഞ്ഞം പദ്ധതിയിലേക്ക് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ നീക്കത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന് ഇതുവരെ ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അദാനി ഗ്രൂപ്പും ഷിപ്പിങ് കമ്പനിയുമായി പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കാം വാർത്തകൾ പ്രചരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുറമുഖ നിർമാണക്കരാർ വ്യവസ്ഥകൾ പ്രകാരം ഓഹരി ഘടനയിൽ നിർണായക മാറ്റം വരുത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനുമതി അനിവാര്യമാണ്. വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന സർക്കാരിന് വ്യക്തമായ പങ്കാളിത്തമുണ്ടെന്നും കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണാവകാശം സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അതിനാൽ തന്നെ വൻതോതിലുള്ള നിക്ഷേപങ്ങൾക്കും പങ്കാളിത്ത മാറ്റങ്ങൾക്കും സർക്കാർ അനുമതി നിർബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിലവിലെ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ഓഹരി കൈമാറ്റ നടപടിക്രമങ്ങളാണ് നടക്കുന്നതെന്നാണ് അദാനി കമ്പനിയുടെ വിശദീകരണം. സർക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. അപേക്ഷ ലഭിച്ചതിനുശേഷം മാത്രമായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.


