
ഭോപ്പാൽ: കുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതി തള്ളി. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് ഹർജി തള്ളിയത്.
നിലവിൽ കൊച്ചിയിൽ തുടരുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിവരം ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നാണ് വിവരം.
അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്നും മധ്യപ്രദേശ് കോടതിയെ സമീപിച്ച് ജാമ്യം തേടാൻ സമയം നൽകണമെന്നും ആവശ്യപ്പെട്ട് ഫർമാൻ നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ ഒരു മാസത്തെ സാവകാശം ഹൈക്കോടതി അനുവദിച്ചിരുന്നു.
എന്നാൽ മധ്യപ്രദേശ് പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഫർമാൻ വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.


