
ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026″ എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലെ ശ്രദ്ധേയമായ ഓണാഘോഷങ്ങളുടെ തുടർച്ചയായി, ഇത്തവണയും പുതുമയും വൈവിധ്യവും നിറഞ്ഞ കലാ-സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടുത്തി ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 21-ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ഒക്ടോബർ 9-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ സമാപിക്കും. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും ബി എഫ് സി ആണ് ടൈറ്റിൽ സ്പോൺസർ.
2026 ഓഗസ്റ്റ് 21 വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. വർണാഭമായ ഘോഷയാത്ര, പതാക ഉയർത്തൽ, ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് എന്നിവയോടെയാണ് ആഘോഷപരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്.
ഓണാഘോഷങ്ങളുടെ ഭാഗമായി ഓപ്പൺ ടു ഓൾ വിഭാഗത്തിലും മെമ്പേഴ്സ് ഓൺലി വിഭാഗത്തിലും വിവിധ പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും.

പായസം മത്സരം, ഓണപ്പാട്ട് മത്സരം, പരമ്പരാഗത ഓണവസ്ത്രധാരണ മത്സരമായ “തനിമലയാളി” ഓണപ്പുടവ മത്സരം, പഞ്ചഗുസ്തി, തിരുവാതിര, മെഗാ ഫ്യൂഷൻ ഡാൻസ്, ഗാനസന്ധ്യ, സ്കിറ്റ്, നാടകം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുക. ബഹ്റൈനിലെ പ്രമുഖ പ്രൊഫഷണൽ ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം ഓഗസ്റ്റ് 28-ന് കെസിഎ അങ്കണത്തിൽ നടക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഒക്ടോബർ 9 വെള്ളിയാഴ്ച കെസിഎ പരിസരത്ത് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കും. സെപ്റ്റംബർ 11 വെള്ളിയാഴ്ച കെസിഎ ഹാളിൽ വൈവിധ്യമാർന്ന വിഭവങ്ങളോടെ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
കെസിഎ പ്രസിഡന്റ് ജെയിംസ് ജോണിന്റെയും സെക്രട്ടറി വിനു ക്രിസ്റ്റിയുടെയും സാന്നിധ്യത്തിൽ ചേർന്ന സംഘാടകസമിതി യോഗത്തിലാണ് ഓണാഘോഷ പരിപാടികളുടെ രൂപരേഖയ്ക്ക് അന്തിമരൂപം നൽകിയത്.
ഓണാഘോഷ കമ്മിറ്റി ചെയർമാനായി ജിതിൻ ജോസും വൈസ് ചെയർമാനായി ജോർജ് സെബാസ്റ്റ്യനും, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായി റോയ് സി. ആന്റണി, തോമസ് ജോൺ, ജൂലിയറ്റ് തോമസ്, ലിൻസി മോൾ ജോസഫ്, ബോൺസി ജിതിൻ, ഷൈനി നിത്യൻ, അലിൻ ജോഷി, റോസ് ജോയൽ, ജോഫി ജെൻസൺ, സംഗീത ജോസഫ്, എൽമി വിൻസെന്റ്, ജോബി ജോർജ്, ജോയൽ ജോസ്, ബാബു വർഗീസ്, ജോഷി വിതയത്തിൽ, അനു ജെറിഷ്, മനോജ് മാത്യു, സോബിൻ ജോസ്, സജി ലൂയിസ്, ജെൻസൺ കുനാനി, ജെറിഷ് ജോണി എന്നിവർ നേതൃത്വം നൽകുന്നു. സ്പോൺസർഷിപ്പ് കമ്മിറ്റി കോ-ഓർഡിനേറ്ററായി പൊഴിയൂർ ഷാജി എന്നിവരെ തിരഞ്ഞെടുത്തു. കെസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി, കോർ ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുള്പ്പെടുന്ന 51 അംഗ സംഘാടകസമിതിയാണ് “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026″* ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.


