
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പരാതിയിൽ കേസെടുക്കാവുന്ന കുറ്റകൃത്യം നിലനിൽക്കുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഉത്തരവിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
വ്യാജവിവരങ്ങളും അശ്ലീല പരാമർശങ്ങളും ഉൾപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ നിർമിച്ച് പ്രചരിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ച് അൻസിബ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നേരിട്ട് കേസെടുക്കാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
പരാതിയിൽ പരാമർശിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് മാനനഷ്ടക്കേസ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും ഇത്തരം സാഹചര്യത്തിൽ പൊലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു. സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ നിർദേശിച്ചതിനെ തുടർന്നാണ് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
തന്നെ ‘ജിഹാദി’യായി ചിത്രീകരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കൂട്ടുനിന്നുവെന്നും കുടുംബാംഗങ്ങളെപ്പോലും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും അൻസിബ സമൂഹമാധ്യമക്കുറിപ്പിലൂടെ ആരോപിച്ചിരുന്നു. സിനിമാരംഗത്തെ പ്രമുഖരും സഹപ്രവർത്തകരും തന്റെ സ്വഭാവഹത്യയിൽ പങ്കാളികളായെന്നും അവർ ആരോപിച്ചു.
നേരത്തെ അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയ തൃക്കാക്കര എ.സി.പിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. അൻസിബയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിൽ ലഭിച്ച വാട്സാപ്പ് സന്ദേശത്തെ തുടർന്നാണ് പൊലീസിൽ പരാതി നൽകേണ്ടിവന്നതെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ മൂന്നുമണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചെന്ന അൻസിബയുടെ ആരോപണവും ലക്ഷ്മിപ്രിയ നിഷേധിച്ചു. വ്യക്തികൾ തമ്മിലുള്ള വിഷയമായതിനാൽ താരസംഘടന ഇടപെടേണ്ടതില്ലെന്നും ഇതിന് പിന്നിൽ മറ്റാരുടെയും പ്രേരണയോ പ്രത്യേക അജൻഡയോ ഇല്ലെന്നും അവർ വ്യക്തമാക്കി. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ. രേഷ്മയ്ക്കെതിരെയും അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.


