ആലപ്പുഴ: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടാൻ തയ്യാറാകണമെന്ന് ആർഎസ്പി ആലപ്പുഴ ജില്ലാ സെക്രട്ടറി സി. കൃഷ്ണചന്ദ്രൻ ആവശ്യപ്പെട്ടു. ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനം ഒഴിയുന്നത് ധാർമിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും അപകീർത്തിയുണ്ടാക്കിയ വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണം. വ്യക്തിപൂജ അവസാനിപ്പിച്ച് ആരോപണവിധേയരെ സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്താനുള്ള ആർജവം സിപിഎം കാണിക്കണമെന്നും കൃഷ്ണചന്ദ്രൻ ആവശ്യപ്പെട്ടു.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മകൾ വീണ വിജയൻ, വീണയുടെ ഭർത്താവും സിപിഎം നേതാവും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ 3.28 കോടി രൂപയും മുഹമ്മദ് റിയാസ് 20 കോടിയിലധികം രൂപയും അനധികൃതമായി കൈകാര്യം ചെയ്തെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് കൃഷ്ണചന്ദ്രൻ ആരോപിച്ചു. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രതികാരമാണെന്നാണ് നിലപാടെങ്കിൽ പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്നവിധം കൃത്യവും വ്യക്തവുമായ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് പ്രതിരോധം തീർക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നതെന്നും കൃഷ്ണചന്ദ്രൻ കുറ്റപ്പെടുത്തി. ഇഡി ഓഫീസിന് മുന്നിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ സാധാരണ പ്രവർത്തകരാണ് പ്രതിസന്ധിയിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെ സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തി പാർട്ടിയുടെ വിശ്വാസ്യത സംരക്ഷിക്കാൻ സിപിഎം നേതൃത്വം തയ്യാറാകണമെന്ന് സി. കൃഷ്ണചന്ദ്രൻ ആവശ്യപ്പെട്ടു.

