കൊട്ടാരക്കര: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തർക്ക് മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ മർദനമേറ്റു. ഒന്നരവയസ്സുള്ള കുഞ്ഞിനും സ്ത്രീകൾക്കും പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവരെ പൊലീസ് പിടികൂടി.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ തട്ടിയതിനെത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ കാറിലുണ്ടായിരുന്ന കുടുംബത്തെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. കുഞ്ഞിനെയും സ്ത്രീകളെയും ആക്രമിക്കുന്നത് കണ്ട വഴിയാത്രക്കാർ ഇടപെട്ടതോടെ യുവാക്കൾ അവരെയും മർദിച്ചെന്നാണ് വിവരം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവാക്കൾ പൊലീസിനോടും സ്ഥലത്തുണ്ടായിരുന്നവരോടും ആക്രോശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാക്കൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച കാറിൽനിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.

