
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ 75 വർഷത്തെ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് 2026 ഡിസംബർ 11-ന് നടക്കാനിരിക്കുന്ന വാർഷിക ജനറൽ ബോഡിക്കും ഭരണസമിതി തിരഞ്ഞെടുപ്പിനും ഉള്ളത്. ഇന്ത്യൻ സ്കൂൾ ഒരു യഥാർത്ഥ കമ്മ്യൂണിറ്റി സ്കൂളായി, രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയും നിയന്ത്രണത്തോടെയും മുന്നോട്ടുപോകണമോ, അതോ സ്കൂളിന്റെ ഭരണപരവും ഉടമസ്ഥാവകാശപരവുമായ അധികാരങ്ങൾ ഏതാനും വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കപ്പെടണമോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലൂടെ രക്ഷിതാക്കൾക്ക് തീരുമാനിക്കാനുള്ളത്.
2026 സെപ്റ്റംബർ 25-ന് നടന്ന അസാധാരണ പൊതുയോഗത്തിൽ (EGM), ബഹ്റൈനിലെ നിയമങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കും അനുസൃതമായി പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയിരുന്നു. പഴയ ഭരണഘടനയിൽനിന്ന് പുതിയ ഭരണഘടനയിലേക്കുള്ള മാറ്റം സ്കൂളിന്റെ ഭാവി കൂടുതൽ സുതാര്യവും ജനാധിപത്യപരവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. പുതിയ ഭരണഘടനയിലെ പ്രധാന വ്യവസ്ഥകളെ വിമർശിക്കുന്നവർ തങ്ങളുടെ എതിർപ്പിന്റെ കാരണം വ്യക്തമായും വസ്തുനിഷ്ഠമായും വിശദീകരിക്കാൻ തയ്യാറാകണം.

സ്കൂളിന് നിയമാനുസൃതമായി കൊമേഴ്സ്യൽ രജിസ്ട്രേഷൻ (CR) നേടുന്നതിനെയാണോ എതിർക്കുന്നത്?
എല്ലാ രക്ഷിതാക്കളെയും CR-ന്റെ ഓഹരി ഉടമകളാക്കി ഉടമസ്ഥാവകാശത്തിൽ പങ്കാളികളാക്കുന്നതിനെയാണോ എതിർക്കുന്നത്? ഏതാനും ഫൗണ്ടർ അംഗങ്ങളിൽ മാത്രം സ്കൂളിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും നിലനിർത്തണമെന്നാണോ നിലപാട്? ഡയറക്ടർ ബോർഡ് അംഗങ്ങൾ അവരുടെ കാലാവധി മുഴുവൻ രക്ഷിതാക്കളായിരിക്കണമെന്ന വ്യവസ്ഥയോടാണോ വിയോജിപ്പ്? രക്ഷിതാക്കളല്ലാത്തവർക്ക് പേട്രൺ പദവിയിലൂടെ ഭരണസംവിധാനത്തിൽ സ്വാധീനം ചെലുത്താനുള്ള സാഹചര്യം ഒഴിവാക്കിയതിനെയാണോ എതിർക്കുന്നത്? തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും യോഗ്യതാ പരിശോധനയും പശ്ചാത്തല പരിശോധനയും നിർബന്ധമാക്കിയതിനെയാണോ എതിർക്കുന്നത്?
ഇത്തരം സുപ്രധാന വ്യവസ്ഥകളിൽ ഏതൊക്കെയാണ് എതിർക്കുന്നതെന്ന് വിമർശകർ വ്യക്തമാക്കണം. വ്യക്തികളുടെ താൽപര്യങ്ങൾക്കപ്പുറം സ്കൂളിന്റെ ഭാവിയും രക്ഷിതാക്കളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
2015–2026: അക്കാദമിക മികവിന്റെ ശ്രദ്ധേയമായ മുന്നേറ്റം
2015 മുതൽ 2026 വരെയുള്ള കാലയളവിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ അക്കാദമിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്.
2025-ലെ CBSE പരീക്ഷാ ഫലങ്ങൾ
പത്താം ക്ലാസ്:
832 വിദ്യാർഥികൾ പരീക്ഷയെഴുതി.
100 ശതമാനം വിജയം.
19 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും A1 ഗ്രേഡ് നേടി.
69 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും A ഗ്രേഡ് നേടി.
പന്ത്രണ്ടാം ക്ലാസ്:
631 വിദ്യാർഥികൾ പരീക്ഷയെഴുതി.
98.73 ശതമാനം വിജയം.
2026-ലെ CBSE പരീക്ഷാ ഫലങ്ങൾ
പത്താം ക്ലാസ്:
860 വിദ്യാർഥികൾ പരീക്ഷയെഴുതി.
99.99 ശതമാനം വിജയം.
187 വിദ്യാർഥികൾ 90 ശതമാനത്തിലധികം മാർക്ക് നേടി.
529 വിദ്യാർഥികൾ 75 ശതമാനത്തിലധികം മാർക്ക് നേടി.
732 വിദ്യാർഥികൾ 60 ശതമാനത്തിലധികം മാർക്ക് നേടി.
പന്ത്രണ്ടാം ക്ലാസ്:
98.09 ശതമാനം വിജയം.
ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 100 ശതമാനം വിജയം.
സയൻസ് വിഭാഗത്തിൽ 96.49 ശതമാനം വിജയം.
ഇതിനുപുറമെ, ബഹ്റൈൻ തലത്തിൽ CBSE പരീക്ഷകളിൽ നിരവധി വിദ്യാർഥികൾ മികച്ച റാങ്കുകളും മാർക്കുകളും നേടി. 2024–2025 അധ്യയന വർഷത്തിൽ ഏഴ് CBSE Gulf Sahodaya പുരസ്കാരങ്ങൾ സ്വന്തമാക്കാനും സ്കൂളിന് കഴിഞ്ഞു.
ഗണിതം, ഇംഗ്ലീഷ്, സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫ്രഞ്ച്, മലയാളം, സംസ്കൃതം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾ മുഴുവൻ മാർക്കും ഉയർന്ന മാർക്കും നേടി. മികച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി അക്കാദമിക പുരസ്കാര ചടങ്ങുകൾ നടപ്പാക്കി. വിദ്യാർഥികളുടെ അക്കാദമിക നേട്ടങ്ങൾ രേഖപ്പെടുത്തുന്നതിനായി Tidings എന്ന അക്കാദമിക ന്യൂസ്ലെറ്ററും പ്രസിദ്ധീകരിച്ചു.

പഠനത്തിനപ്പുറം സമഗ്രമായ വളർച്ച
അക്കാദമിക രംഗത്തെ നേട്ടങ്ങൾക്കൊപ്പം കായികം, കല, സാഹിത്യം, സാംസ്കാരിക പ്രവർത്തനങ്ങൾ, ശാസ്ത്ര-സാങ്കേതിക രംഗം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം, നേതൃത്വപരിശീലനം തുടങ്ങിയ മേഖലകളിലും വിദ്യാർഥികൾ നിരവധി നേട്ടങ്ങൾ കൈവരിച്ചു.
ബഹ്റൈൻ സ്കൂൾ ഒളിമ്പിക്സ് (മിനി ഒളിമ്പിക്സ് ) പ്രൈവറ്റ് സ്കൂൾ കാറ്റഗറിയിൽ തുടർച്ചയായി ചാമ്പ്യൻമാർ ആയിക്കൊണ്ടിരിക്കുന്നത് ഒരു അഭിമാനകരമായ നേട്ടമാണ്. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ 19 കുട്ടികൾ അഭിമാനകരമായ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി.
വിദ്യാർഥികളുടെ അച്ചടക്കം, സ്കൂളിലെ മികച്ച പഠനാന്തരീക്ഷം, സാമ്പത്തിക അച്ചടക്കം എന്നിവ നിലനിർത്തുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.
PPA അധികാരത്തിൽ വന്നതിനുശേഷം ഭരണസമിതി അംഗങ്ങളോ അവരുടെ നേതാക്കളോ അനാവശ്യമായി അധ്യയന സമയങ്ങളിൽ ക്യാമ്പസുകളിൽ പ്രവേശിക്കുന്നതും അധ്യാപകരുടെ ആത്മാഭിമാനത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന ഇടപെടലുകളും നിയന്ത്രിക്കുന്നതിന് കർശനമായ നിലപാടാണ് സ്വീകരിച്ചത്. അധ്യാപകർക്ക് സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രാധാന്യം നൽകി.
അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ
സ്കൂളിന്റെ ആധുനികവൽക്കരണത്തിനും സുരക്ഷയ്ക്കും പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നിരവധി പദ്ധതികൾ നടപ്പാക്കി.
പ്രധാന നേട്ടങ്ങൾ:
സ്കൂൾ ക്യാമ്പസുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി CCTV ക്യാമറകൾ സ്ഥാപിച്ചു.
റിഫ ക്യാമ്പസിൽ സൗജന്യമായി GPS ലൈവ് ബസ് ട്രാക്കിങ് സംവിധാനം നടപ്പാക്കി.
ജഷാദ് മാൾ ഓഡിറ്റോറിയം നവീകരിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക ബാഡ്മിന്റൺ ടർഫ് സ്ഥാപിച്ചു.
ഡിജിറ്റൽ സ്ക്രീനുകൾ സജ്ജീകരിച്ചു.
രക്ഷിതാക്കൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ Easy Fee Payment System നടപ്പാക്കി.
അഞ്ച് പുതിയ സ്കൂൾ ബസുകൾ വാങ്ങി.
ഇസാടൗൺ ക്യാമ്പസിലെ ശുചിത്വവും സൗകര്യങ്ങളും:
ഇസാടൗൺ ക്യാമ്പസിലെ ടോയ്ലറ്റ് സംവിധാനങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തി. അതിന്റെ അടിസ്ഥാനത്തിൽ ടോയ്ലറ്റുകൾ പൂർണമായും നവീകരിച്ചു. ജലവിതരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനായി എല്ലാ കെട്ടിടങ്ങളിലും Water Booster System സ്ഥാപിച്ചു. ഇതിലൂടെ ടോയ്ലറ്റുകളിലെ ശുചിത്വവും ഹൈജീനും കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചു.

400-ഓളം സ്മാർട്ട് ക്ലാസ് റൂമുകൾ
പഠനരംഗത്ത് സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഏകദേശം 400 ക്ലാസ് മുറികളിൽ ഡിജിറ്റൽ സ്ക്രീനുകൾ സജ്ജീകരിച്ചു.
കോവിഡ് കാലം മുതൽ ഡിജിറ്റൽ അധ്യാപനത്തിൽ അനുഭവസമ്പത്തുള്ള അധ്യാപകർക്ക് സ്മാർട്ട് ബോർഡുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളിലായി പ്രത്യേക പരിശീലനം നൽകി.
മറ്റ് സ്കൂളുകൾ ഉയർന്ന വില നൽകി പുറത്തുനിന്നുള്ള റെഡിമെയ്ഡ് എജ്യുക്കേഷൻ സോഫ്റ്റ്വെയറുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ, ഇന്ത്യൻ സ്കൂളിലെ അധ്യാപകർ CBSE പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ സ്വന്തം നിലയിൽ പഠനസഹായ പ്രോഗ്രാമുകൾ വികസിപ്പിച്ചാണ് വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ കൂടുതൽ അനുഭവവേദ്യമാക്കുന്നത്.
സ്വന്തം അധ്യാപകരുടെ കഴിവും അധ്വാനവും ഉപയോഗപ്പെടുത്തി ഇത്തരമൊരു പഠനസംവിധാനം ഒരുക്കിയിരിക്കെ, സ്മാർട്ട് ബോർഡുകൾ ഉപയോഗിക്കാൻ അധ്യാപകർക്ക് അറിയില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്.
റിഫ ക്യാമ്പസ്: പഴയ ബാധ്യതകളിൽനിന്ന് സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക്
റിഫ ക്യാമ്പസിന്റെ നിർമാണം ആരംഭിച്ച കാലം മുതൽ ഏകദേശം മൂന്ന് വർഷത്തോളം പഴയ ഭരണസമിതി Building Fund എന്ന പേരിൽ ഏകദേശം 1.5 മില്യൺ ദിനാർ പിരിച്ചെടുത്തിട്ടും ബാങ്ക് വായ്പയുടെ തിരിച്ചടവിനായി ഒരു ദിനാർ പോലും അടച്ചിരുന്നില്ലെന്നാണ് PPA ചൂണ്ടിക്കാട്ടുന്നത്.
2015-ൽ PPA നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തിയ ശേഷമാണ് വായ്പ തിരിച്ചടവ് ആരംഭിച്ചത്. പിന്നീട് ഈ ബാധ്യത പൂർണമായും അവസാനിപ്പിക്കാനും കഴിഞ്ഞു.
റിഫ ക്യാമ്പസ് നിർമാണം പൂർത്തിയായി ഏകദേശം നാല് വർഷത്തിനുള്ളിൽ തന്നെ കെട്ടിടത്തിൽ വ്യാപകമായ ചോർച്ചയും മറ്റ് അറ്റകുറ്റപ്പണി പ്രശ്നങ്ങളും ഉണ്ടായി. കെട്ടിടത്തിന്റെ ഗ്യാരണ്ടി കാലാവധി അഞ്ച് വർഷം മാത്രമായിരുന്നു. നിർമാണ കരാറുകാരൻ ബഹ്റൈൻ വിട്ടുപോയ സാഹചര്യത്തിൽ പൊതുയോഗത്തിന്റെ അംഗീകാരത്തോടെ പുതിയ കരാറുകാരനെ നിയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവന്നു. ചോർച്ച പരിഹരിക്കുന്നതിനായി മാത്രം 35,000 ദിനാറിലധികം ചെലവഴിച്ച് വാട്ടർപ്രൂഫിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തി.
ഇതിനുപുറമെ:
അധ്യാപകർക്കുള്ള വിശ്രമമുറികളും ടോയ്ലറ്റ് സൗകര്യങ്ങളും പുനർനിർമിച്ചു.
എക്സ്ഹോസ്റ്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തി.
പുതിയ ലബോറട്ടറി സൗകര്യങ്ങൾ ഒരുക്കി.
കുട്ടികൾക്കായി കളിസ്ഥലം നിർമിച്ചു.
ഹരിത ക്യാമ്പസിനായി സൗരോർജ പദ്ധതി
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ക്യാമ്പസുകൾ എന്ന ലക്ഷ്യത്തോടെ ഇസാടൗൺ, റിഫ ക്യാമ്പസുകളിൽ സോളാർ സംവിധാനങ്ങൾ സ്ഥാപിച്ചു. ഊർജസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ പദ്ധതി ഭാവിയിലേക്കുള്ള ദീർഘവീക്ഷണത്തിന്റെ ഭാഗമാണ്.
പുതിയ കെട്ടിട നിർമാണം: രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത് ക്യാമ്പസുകളിലെ യഥാർത്ഥ ആവശ്യങ്ങൾ പരിഗണിച്ചായിരിക്കണം എന്നതാണ് PPAയുടെ നിലപാട്. അതോടൊപ്പം നിർമാണത്തിന്റെ സാമ്പത്തിക ബാധ്യത പരമാവധി രക്ഷിതാക്കളുടെ മേൽ വരാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ടാഗോർ ബ്ലോക്കിന്റെ കാലാവധി ദീർഘകാലമായി അവസാനിച്ച സാഹചര്യത്തിൽ എല്ലാ വർഷവും ഓഡിറ്റിങ് നടത്തി ആവശ്യമായ അംഗീകാരങ്ങൾ പുതുക്കിയാണ് പ്രവർത്തനം തുടർന്നുവന്നത്. എന്നാൽ ഇനിയും ഈ രീതിയിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമിക്കാനുള്ള ആലോചന ഉണ്ടായത്.
ഇതിന്റെ ഭാഗമായി ബഹ്റൈനിലെ അറിയപ്പെടുന്ന കൺസൾട്ടൻസി സ്ഥാപനമായ DTEBയെ ചുമതലപ്പെടുത്തി. അവരുടെ നിർദേശപ്രകാരം പുതിയ കെട്ടിട നിർമാണത്തിനാവശ്യമായ വിവിധ മന്ത്രാലയങ്ങളുടെ അനുമതികൾ നേടിയതായി സെപ്റ്റംബർ 25-ന് നടന്ന EGM-ൽ വ്യക്തമാക്കിയിരുന്നു.
കമ്മ്യൂണിറ്റിയുടെ പിന്തുണയോടെയും സഹകരണത്തോടെയും പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായ നിലപാട്
2015 മുതൽ PPA നേതൃത്വത്തിലുള്ള ഭരണസമിതികൾ വിദ്യാഭ്യാസ യോഗ്യതയ്ക്കും അധ്യാപനശേഷിക്കും മുൻഗണന നൽകിയാണ് ജീവനക്കാരെ നിയമിച്ചിട്ടുള്ളതെന്ന് PPA വ്യക്തമാക്കി. അഴിമതി, സ്വജനപക്ഷപാതം, അനാവശ്യ ഇടപെടലുകൾ എന്നിവ ഒഴിവാക്കി സുതാര്യമായ ഭരണസംവിധാനം നിലനിർത്തുന്നതിനാണ് പ്രാധാന്യം നൽകിയത്.
സാമ്പത്തിക അച്ചടക്കത്തിലൂടെ 2015-ന് മുമ്പുണ്ടായിരുന്ന ട്രാൻസ്പോർട്ട് മേഖലയിലെ പഴയ ബസ് ഓപ്പറേറ്റർമാരുമായുള്ള ബാധ്യതകളും റിഫ ക്യാമ്പസുമായി ബന്ധപ്പെട്ട വായ്പകളും മറ്റ് സാമ്പത്തിക ബാധ്യതകളും തീർക്കാൻ ഭരണസമിതികൾക്ക് സാധിച്ചു.
അക്കാദമിക മികവ്, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക അച്ചടക്കം, അധ്യാപകരുടെ അന്തസ്സ്, വിദ്യാർഥികളുടെ സുരക്ഷ, രക്ഷിതാക്കളുടെ പങ്കാളിത്തം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകിയാണ് ഈ കാലയളവിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്.
രക്ഷിതാക്കളുടെ തീരുമാനം സ്കൂളിന്റെ ഭാവി നിർണയിക്കും
ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ഏതെങ്കിലും വ്യക്തിയുടെയോ ഏതാനും അംഗങ്ങളുടെയോ സ്വകാര്യ സ്ഥാപനമല്ല. പതിനായിരക്കണക്കിന് കുടുംബങ്ങളുടെ വിശ്വാസവും പിന്തുണയും അധ്വാനവുംകൊണ്ട് വളർന്നുവന്ന ഒരു കമ്മ്യൂണിറ്റി സ്ഥാപനമാണ്.

അതിന്റെ ഉടമസ്ഥാവകാശത്തിലും ഭരണസംവിധാനത്തിലും രക്ഷിതാക്കൾക്ക് അർഹമായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ജനാധിപത്യപരമായ ഭരണത്തിന്റെ അടിസ്ഥാനം.
2026 ഡിസംബർ 11-ന് നടക്കുന്ന തിരഞ്ഞെടുപ്പ് കേവലം ഒരു ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിയല്ല. ഇന്ത്യൻ സ്കൂളിന്റെ ഭാവി ആരുടെ കൈകളിലായിരിക്കണം, അതിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും എങ്ങനെ സംരക്ഷിക്കപ്പെടണം, വരുംതലമുറകൾക്കായി ഈ സ്ഥാപനം എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത് എന്നീ നിർണായക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ തിരഞ്ഞെടുപ്പ്.
കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തി, വ്യക്തിതാൽപര്യങ്ങൾക്കപ്പുറം സ്കൂളിന്റെ ദീർഘകാല താൽപര്യങ്ങൾക്കും രക്ഷിതാക്കളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് വോട്ടവകാശം വിനിയോഗിക്കണമെന്ന് PPA എല്ലാ രക്ഷിതാക്കളോടും അഭ്യർഥിച്ചു. ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെതാണ്. അതിന്റെ ഭാവിയും രക്ഷിതാക്കളുടെ കൈകളിൽ സുരക്ഷിതമായിരിക്കണം.


