മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ജ്വല്ലറി അറേബ്യ 2026 ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയുടെ രക്ഷാകർതൃത്വത്തിൽ സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് പ്രദർശനങ്ങൾ നടക്കുന്നത്.
പ്രദർശനങ്ങൾക്കും സമ്മേളനങ്ങൾക്കും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലും വൈവിധ്യവത്കരണത്തിലും പ്രധാന പങ്കുണ്ടെന്ന് ഉദ്ഘാടനച്ചടങ്ങിൽ കിരീടാവകാശി പറഞ്ഞു. നിക്ഷേപം ആകർഷിക്കുക, സഹകരണവും പങ്കാളിത്തവും വിപുലീകരിക്കുക, പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയിലൂടെ ഈ മേഖലയുടെ സുസ്ഥിരതയും മത്സരശേഷിയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ബഹ്റൈൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സമഗ്ര വികസന ലക്ഷ്യങ്ങൾക്ക് ഇത് പിന്തുണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.instagram.com/p/DgKBjp4DasV/?img_index=1
അന്താരാഷ്ട്ര പ്രദർശനങ്ങൾക്കും പരിപാടികൾക്കും ആതിഥേയത്വം വഹിക്കുന്നതിലെ ബഹ്റൈന്റെ തുടർച്ചയായ വിജയം, ഇവന്റുകൾക്കായുള്ള പ്രധാന വേദിയെന്ന രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണെന്ന് കിരീടാവകാശി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രദർശകരുടെ പങ്കാളിത്തം ആഗോള പ്രദർശന-പരിപാടി മേഖലയിൽ ബഹ്റൈന്റെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിലെ ബഹ്റൈൻ പൗരന്മാരുടെ മികവും ഉത്തരവാദിത്വബോധവും സമർപ്പണവും അഭിനന്ദിച്ച കിരീടാവകാശി, പ്രദർശനങ്ങളുടെ മികച്ച ഒരുക്കത്തിനും നടത്തിപ്പിനും സംഘാടകരോടും പ്രവർത്തകസംഘങ്ങളോടും നന്ദി അറിയിച്ചു.
https://www.facebook.com/share/p/1D1u7ycb7x
ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർപേഴ്സണുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫിയും ചടങ്ങിൽ സംസാരിച്ചു. കിരീടാവകാശിയുടെ രക്ഷാകർതൃത്വം സാമ്പത്തിക വളർച്ചയ്ക്കും ടൂറിസം വികസനത്തിനും പ്രദർശന-സമ്മേളന മേഖല നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണെന്ന് അവർ പറഞ്ഞു.
ജ്വല്ലറി അറേബ്യയും സെന്റ് അറേബ്യയും വളരുന്നത് പ്രധാന അന്താരാഷ്ട്ര പ്രദർശനങ്ങൾക്കായുള്ള പ്രാദേശിക കേന്ദ്രമെന്ന ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതായും അവർ വ്യക്തമാക്കി. എക്സിബിഷൻ വേൾഡ് ബഹ്റൈന്റെ ശേഷി പ്രയോജനപ്പെടുത്തിയും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വിപുലീകരിച്ചും ബിസിനസ് ടൂറിസം മേഖലയിലെ രാജ്യത്തിന്റെ മത്സരശേഷി ഉയർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അൽ സൈറാഫി കൂട്ടിച്ചേർത്തു. ചടങ്ങിൽ നിരവധി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

