
ബഹ്റൈനിലെ ബുദയ്യയിലുള്ള ശ്യാം കൃഷ്ണന്റെയും പത്മയുടെയും വസതിയിൽ ഒരുക്കിയ ബൊമ്മക്കൊലു മുപ്പതാം വർഷം ആഘോഷിക്കുന്നു. മൂവായിരത്തിലധികം പാവകൾ അണിനിരക്കുന്ന കൊലു കാണാൻ ദിവസവും നിരവധി പേരാണ് എത്തുന്നത്. ഇത്തവണ നൂറിലധികം പുതിയ ബൊമ്മകളും ശേഖരത്തിൽ ചേർത്തിട്ടുണ്ട്.
ബഹ്റൈനിൽ ജോലി ലഭിച്ചതോടെയാണ് ശ്യാം കൃഷ്ണൻ വർഷംതോറും ബൊമ്മക്കൊലു ഒരുക്കാൻ തുടങ്ങിയത്. പാലക്കാട്ടെ വീട്ടിൽ പാരമ്പര്യമായി ചെയ്തുവന്നിരുന്ന ചടങ്ങ് പ്രവാസജീവിതത്തിലും തുടരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വിവാഹശേഷം ഭാര്യ പത്മയും ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി. തുടക്കത്തിൽ ഏതാനും വിഗ്രഹങ്ങൾ മാത്രമുണ്ടായിരുന്ന ശേഖരം, നാട്ടിലേക്കുള്ള ഓരോ യാത്രയിലും പുതിയവ വാങ്ങിയതോടെ വളർന്നു. ഇന്ന് വീട്ടിലെ ഒരു മുറി മുഴുവൻ ബൊമ്മക്കൊലുവിനായി മാറ്റിവെച്ചിരിക്കുകയാണ്.
‘ബ്രഹ്മാണ്ഡം’ എന്ന പ്രമേയത്തിനൊപ്പം മഹാവിഷ്ണുവിന്റെ വിശ്വരൂപദർശനം, കൃഷ്ണലീല, ഗുരുവായൂർ ക്ഷേത്രം, ശീവേലി എന്നിവയും ഒരുക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാളി, കാമാക്ഷി, നവദുർഗ, അഷ്ടലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവീ രൂപങ്ങളും വിവിധ പൂജാരീതികളും മറ്റൊരു വിഭാഗത്തിലുണ്ട്.

ഇന്ത്യയുടെ ജി-20 ഉച്ചകോടിയും ചന്ദ്രയാൻ ദൗത്യവും അവതരിപ്പിച്ചിരിക്കുന്ന കൊലുവിൽ ഡിസ്നി കഥാപാത്രങ്ങൾക്കും ലെഗോ നിർമിതികൾക്കും ഇടം നൽകിയിട്ടുണ്ട്. ലെഗോ കോട്ട, ഹോഗ്വാർട്സ് കോട്ട, ഹോഗ്വാർട്സ് എക്സ്പ്രസ് എന്നിവയും സന്ദർശകരുടെ ശ്രദ്ധ നേടുന്നു.

കൊലു കാണാനെത്തുന്നവരെ വീട്ടുകാർ പ്രസാദം നൽകി സ്വീകരിക്കുന്നു. വെറ്റില, അടയ്ക്ക, പട്ടുവസ്ത്രം എന്നിവയും സന്ദർശകർക്ക് സമ്മാനിക്കാറുണ്ട്. സംഗീതപരിപാടികളും ഇവിടെ നടക്കാറുണ്ട്. വർഷങ്ങളായി കൊലു കാണാനെത്തുന്നവർക്ക് അനുഗ്രഹം നൽകിയിരുന്ന മുത്തശ്ശിയുടെ ഓർമ്മകളും നിഷ്കളങ്കമായ പുഞ്ചിരിയും സന്ദർശകർക്ക് ഇന്നും മറക്കാനാകാത്തതാണ്. ഭക്തിയും കുടുംബപാരമ്പര്യവും സർഗാത്മകതയും ഒത്തുചേരുന്ന ഈ ഒരുക്കം ബഹ്റൈനിലെ നവരാത്രി ആഘോഷങ്ങൾക്ക് വേറിട്ട ഭംഗി പകരുന്നു.


