മനാമ: ബഹ്റൈനിൽ കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ) നിയമങ്ങളും ലൈസൻസിങ് നിബന്ധനകളും ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 2,500 ദിനാർ വരെ ഭരണപരമായ പിഴ ചുമത്താൻ തീരുമാനം. വ്യവസായ–വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
നിയമലംഘനത്തിന്റെ സ്വഭാവവും വ്യാപ്തിയും അനുസരിച്ചാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ഉത്തരവിലെ ഭൂരിഭാഗം വ്യവസ്ഥകളും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസത്തിനു ശേഷം പ്രാബല്യത്തിൽ വരും. എന്നാൽ ഉടമസ്ഥാവകാശവും നികുതി വിവരങ്ങളുമായി ബന്ധപ്പെട്ട നാല് നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ ഉടൻ പ്രാബല്യത്തിൽ വരും.
ഉടമസ്ഥാവകാശം മറച്ചുവെക്കുക, തെറ്റായ വിവരങ്ങൾ നൽകുക, ആവശ്യമായ അധിക വിവരങ്ങൾ കൈമാറാതിരിക്കുക, ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പർ (ടി.ഐ.എൻ) ഇല്ലെന്ന് തെറ്റായി സാക്ഷ്യപ്പെടുത്തുക എന്നിവയ്ക്ക് 2,500 ദിനാർ വരെ പിഴ ചുമത്തും.
കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഇല്ലാതെ സ്ഥാപനം നടത്തുക, നിയമപരമായി അടച്ചുപൂട്ടിയ സ്ഥാപനം വീണ്ടും പ്രവർത്തിപ്പിക്കുക, അധികൃതർ പതിച്ച നിയമലംഘനമോ അടച്ചുപൂട്ടലോ സംബന്ധിച്ച സ്റ്റിക്കറുകൾ നീക്കം ചെയ്യുക എന്നീ കുറ്റങ്ങൾക്ക് 500 ദിനാർ വീതമാണ് പിഴ. ലൈസൻസ് നമ്പറുകളിൽ കൃത്രിമം കാണിച്ചാൽ 200 ദിനാറും പിഴ ലഭിക്കും.
ലൈസൻസില്ലാതെ അനുബന്ധ ബിസിനസ് പ്രവർത്തനങ്ങൾ നടത്തിയാൽ ഒരു മാസത്തിനു ശേഷം 100 ദിനാർ പിഴ ചുമത്തും. രജിസ്റ്റർ ചെയ്ത ഔദ്യോഗിക വിലാസത്തിനു പുറത്തുള്ള സ്ഥലത്ത് പ്രവർത്തിച്ചാൽ ആറുമാസത്തിനു ശേഷം 50 ദിനാർ പിഴ ഈടാക്കും. ആവശ്യപ്പെട്ട രേഖകൾ ഒരാഴ്ചയ്ക്കകം സമർപ്പിക്കാതിരുന്നാൽ 50 ദിനാറും, സ്ഥാപനത്തിനുള്ളിൽ സി.ആർ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാതിരുന്നാൽ 20 ദിനാറും പിഴ നൽകണം.

