
മനാമ: ജൂൺ 27 ശനിയാഴ്ച പുലർച്ചെ ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ തുറന്ന ലംഘനവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സിവിലിയൻമാരെയും സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് നിരോധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘിക്കുന്നതാണ് ഈ ആക്രമണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവാത്ത ആക്രമണ നടപടിയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രാദേശികവും അന്താരാഷ്ട്രവുമായ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും ഇറാൻ ആക്രമണം തുടരുന്നത് സമാധാനവും സ്ഥിരതയും തകർക്കുന്നതിന് ടെഹ്റാനെ പൂർണ്ണ ഉത്തരവാദിയാക്കുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. പ്രദേശത്ത് അരാജകത്വം വിതയ്ക്കുകയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന നയമാണ് ഇത്തരം നടപടികൾ വ്യക്തമാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ഭീഷണിയിലൂടെയോ ആക്രമണത്തിലൂടെയോ സുരക്ഷ കൈവരിക്കാനാവില്ലെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ ഐക്യവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ബഹ്റൈൻ ഉറച്ചുനിൽക്കുന്നതായും മന്ത്രാലയം അറിയിച്ചു.


