
മനാമ: 2026ലെ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കും. ഒക്ടോബർ 2 മുതൽ 4 വരെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഫോർമുല വണ്ണും അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഫെഡറേഷനും (FIA) സ്ഥിരീകരിച്ചു.
അസർബൈജാൻ, സിംഗപ്പൂർ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കിടയിലായിരിക്കും ബഹ്റൈൻ ഗ്രാൻഡ് പ്രീ നടക്കുക. അന്തിമ കരാറുകളും വേൾഡ് മോട്ടോർ സ്പോർട്ട് കൗൺസിലിന്റെ ഔദ്യോഗിക അംഗീകാരവും ലഭിക്കുന്നതോടെ മത്സരം ‘ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഇൻ മലേഷ്യ’ എന്ന പേരിൽ നടത്തും. മറ്റ് മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ല.

ഫോർമുല വൺ, FIA, ബഹ്റൈൻ സർക്കാർ, മലേഷ്യൻ സർക്കാർ എന്നിവ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മത്സരം സെപാങിലേക്ക് മാറ്റുന്നത്. നടക്കാതെ പോകുമായിരുന്ന ബഹ്റൈൻ ഗ്രാൻഡ് പ്രീ നിലനിർത്തുന്നതിനാണ് ഈ പ്രത്യേക ക്രമീകരണമെന്ന് അധികൃതർ അറിയിച്ചു.
2004ൽ മിഡിൽ ഈസ്റ്റിലെ ആദ്യ ഫോർമുല വൺ ഗ്രാൻഡ് പ്രീ സംഘടിപ്പിച്ച ബഹ്റൈന്റെ കായികമേഖലയോടുള്ള ദീർഘകാല പ്രതിബദ്ധതയുടെ തുടർച്ചയാണ് പുതിയ തീരുമാനം. വെല്ലുവിളികൾ നിറഞ്ഞ ട്രാക്ക്, ആവേശഭരിതരായ ആരാധകർ, പ്രവചനാതീതമായ കാലാവസ്ഥ എന്നിവയാൽ പ്രശസ്തമായ സെപാങ് സർക്യൂട്ട് മത്സരത്തിന് അനുയോജ്യമായ വേദിയാണെന്നും ഫോർമുല വൺ അധികൃതർ വ്യക്തമാക്കി.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും മലേഷ്യൻ രാജാവ് സുൽത്താൻ ഇബ്രാഹിമിന്റെയും പിന്തുണയോടെയാണ് തീരുമാനമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
മേഖലയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കിടയിലും ഫോർമുല വണ്ണിന്റെ സ്ഥിരതയുള്ള പങ്കാളിയായി ബഹ്റൈൻ തുടരുമെന്ന് പ്രിൻസ് സൽമാൻ വ്യക്തമാക്കി. വിജയകരവും അവിസ്മരണീയവുമായ മത്സരവാരാന്ത്യം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ നൽകിയ വിശ്വാസത്തിന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നന്ദി അറിയിച്ചു. ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും സംഘാടനമികവും ആതിഥ്യമര്യാദയും അവതരിപ്പിക്കാനുള്ള അവസരമാണിതെന്നും സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോർമുല വണ്ണിന്റെ സെപാങിലേക്കുള്ള തിരിച്ചുവരവ് അന്താരാഷ്ട്ര സഹകരണത്തിന്റെ കരുത്താണ് വ്യക്തമാക്കുന്നതെന്ന് FIA പ്രസിഡന്റ് മുഹമ്മദ് ബെൻ സുലായം പറഞ്ഞു. ആരാധകർക്ക് പൂർണവും ആവേശകരവുമായ 2026 സീസൺ ഉറപ്പാക്കുന്ന തീരുമാനമാണിതെന്ന് ഫോർമുല വൺ പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമെനിക്കാലിയും പ്രതികരിച്ചു. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.


