കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതിയിൽ, പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ബിഎൻഎസ് 192, 356(2), കേരള പൊലീസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തിൽ അസ്വസ്ഥതയും ലഹളയും സൃഷ്ടിക്കാനും പൊതുസമാധാനം തകർക്കാനുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
സംഭവം വിവാദമായതിനെ തുടർന്ന് ജാൻമണി ദാസ് വിശദീകരണവുമായി രംഗത്തെത്തി. തനിക്ക് മലയാളം നന്നായി അറിയില്ലെന്നും ഭാഷാപ്രയോഗത്തിൽ ഉണ്ടായ പിഴവാണ് വിവാദത്തിന് കാരണമായതെന്നും അവർ പറഞ്ഞു. സംഭവത്തിൽ തെറ്റുപറ്റിയതായി സമ്മതിച്ച ജാൻമണി, എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം കോഴിക്കോട് സൈബർ പൊലീസ് തുടരുകയാണ്.

