- ബിഡികെ ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
- ആഗോള സാഹസികന് ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന് ആദരിച്ചു
- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
Author: news editor
മനാമ: ബഹ്റൈനില്‍ 4,44,000 ദിനാറിന്റെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ തടവുശിക്ഷ വിധിക്കപ്പെട്ട മൂന്നു പ്രവാസികളുടെ അപ്പീല്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതി തള്ളി.രണ്ട് യുക്രൈനികളും ഒരു മൊറോക്കോക്കാരനുമാണ് പ്രതികള്‍. നിക്ഷേപത്തിന് ലാഭം വാഗ്ദാനം ചെയ്ത് ഇവര്‍ 12 പേരില്‍നിന്നായി 4,44,000 ദിനാര്‍ തട്ടിയെടുത്തു എന്നാണ് കേസ്. സമൂഹമാധ്യമം വഴി സ്വര്‍ണം, പെട്രോള്‍, ഡിജിറ്റല്‍ കറന്‍സി എന്നിവയില്‍ നിക്ഷേപിക്കുന്നതിന് വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരകളായവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസടുത്തത്.തട്ടിപ്പ് നടത്തിയ ശേഷം യുക്രൈനികളായ പുരുഷനും സ്ത്രീയും നാടുവിട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈ ക്രിമിനല്‍ കോടതി ഇവര്‍ക്ക് 9 വര്‍ഷം വീതം തടവുശിക്ഷയും ബഹ്റൈനിലുള്ള മറ്റൊരു പ്രതിയായ മൊറോക്കോക്കാരന് അഞ്ചു വര്‍ഷം തടവുശിക്ഷയും വിധിച്ചിരുന്നു. കൂടാതെ ഇവര്‍ക്കെല്ലാംകൂടി 13,00,000 ദിനാര്‍ പിഴയും വിധിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.
മനാമ: ബഹ്റൈനിലെ ടൂബ്ലിയില്‍ ഒരു കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഏതാനും വാഹനങ്ങള്‍ കത്തിനശിച്ചു.ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് സംഘം പരിസരവാസികളെ ഒഴിപ്പിച്ചു.ആര്‍ക്കും പരിക്കില്ല. സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍മിതബുദ്ധി (എ.ഐ), ഡാറ്റാ പരിശീലന പരിപാടികള്‍ ആരംഭിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയും (ഐ.ജി.എ) മൈക്രോസോഫ്റ്റും സഹകരിച്ചാണ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പ്രഗത്ഭരായ എ.ഐ, ഡാറ്റാ വിദഗ്ധരാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ എ.ഐ, ഡാറ്റാ അനലിറ്റിക്സ് എന്നിവയില്‍ പരിജ്ഞാനമുള്ളവരാക്കിമാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് ഐ.ജി.എ. ഗവണ്മെന്റ് സിസ്റ്റംസ് സപ്പോര്‍ട്ട് ആന്റ് മെയിന്റനന്‍സ് ഡയറക്ടര്‍ ഹിഷാം ഇബ്രാഹിം അല്‍ ഹാഷിമി പറഞ്ഞു.
മനാമ: ബഹ്റൈനില്‍ ഒക്ടോബര്‍ 19 മുതല്‍ 25 വരെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെന്ന് കണ്ടെത്തിയ 73 വിദേശ തൊഴിലാളികളെ നാടുകടത്തി.1,582 പരിശോധനകളാണ് നടത്തിയത്. 15 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എല്‍.എം.ആര്.എ. അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.
മനാമ: ബഹ്റൈനില്‍ നവംബര്‍ 9 മുതല്‍ ബഹ്റൈന്‍ കണ്ടംപററി ആര്‍ട്ട് അസോസിയേഷന് ഫലസ്തീന് കലാപ്രദര്‍ശനം സംഘടിപ്പിക്കും.പലസ്തീന് എംബസിയുമായി സഹകരിച്ച് പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രദര്‍ശനം. മനാമയിലെ അസോസിയേഷന് ആസ്ഥാനത്ത് നടക്കുന്ന പ്രദര്‍ശനം പലസ്തീന് അംബാസഡര്‍ ആരിഫ് യൂസഫ് സാലിഹ് ഉദ്ഘാടനം ചെയ്യും.വിവിധയിനം ദൃശ്യകലാസൃഷ്ടികള് ഇവിടെ പ്രദര്‍ശിപ്പിക്കും. കലാസൃഷ്ടികള്‍ വിറ്റുകിട്ടുന്ന തുക പലസ്തീനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കും.
മനാമ: ബഹ്റൈനില്‍ ഒരാഴ്ച മുമ്പ് കടലില്‍ വീണ് കാണാതായ കടല്‍ യാത്രികനെ ഇതുവരെ കണ്ടെത്താനായില്ല.ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. രണ്ടു ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് ഒരു ബോട്ടിലുണ്ടായിരുന്ന മൂന്നു പേരിലൊരാള്‍ കടലില്‍ വീണത്. ഈ അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.നിയമവിരുദ്ധമായി മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാളോടൊപ്പം ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മനാമ: സംസ്കാരം, സര്‍ഗാത്മകത, സമൂഹമനസ് എന്നിവ പ്രതിഫലിപ്പിക്കുന്ന രണ്ടാമത് സഫാഹത്ത് പുസ്തകമേള സീഫ് മാളില്‍ ആരംഭിച്ചു.നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ മദ്ധ്യപൗരസ്ത്യ മേഖലയിലൂടനീളമുള്ള പ്രസാധകര്, ലൈബ്രറികള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന അറബി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മേളയിലുണ്ട്.ബഹ്റൈനി, ഗള്‍ഫ് എഴുത്തുകാര്‍ അവരുടെ ഗ്രന്ഥങ്ങള്‍ ആവശ്യക്കാര്‍ക്ക് ഒപ്പുവെച്ച് നല്കുന്നു. കൂടാതെ കുട്ടികളുടെ കഥ പറച്ചില് സെഷനുകള്‍, കരകൗശല ശില്പശാലകള് എന്നിവയുമുണ്ട്.രണ്ടാം വര്‍ഷവും ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സീഫ് പ്രോപ്പര്‍ട്ടീസിന്റെ ചീഫ് കോമേഴ്സ്യല്‍ ഓഫീസര്‍ ദുഐജ് അല്‍ റുഹൈമി പറഞ്ഞു. സീഫ് മാളിനെ ഒരു സാംസ്കാരിക ഒത്തുചേരല്‍ കേന്ദ്രമാക്കിമാറ്റുകയെന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനികളില്ലെങ്കില് മാത്രം വിദേശികള്‍ക്ക് ജോലി; തൊഴില്‍ വിസയില്‍ നിയന്ത്രണം വേണമെന്ന ആവശ്യവുമായി എം.പി.
മനാമ: ബഹ്റൈനില്‍ തൊഴില്‍ വിസ നല്കുന്നതില് നിയന്ത്രണം വേണമെന്ന ആവശ്യവുമായി ഡോ. മുനീര്‍ സെറൂര്‍ എം.പി.സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലെ തസ്തികകളിലെ ഒഴിവുകളിലേക്ക് ബഹ്റൈനികളില്ലെങ്കില് മാത്രമേ വിദേശികള്‍ക്ക് നിയമനം നല്‍കാവൂ എന്ന് അദ്ദേഹം പാര്‍ലമെന്റ് മുമ്പാകെ വെച്ച നിര്‍ദേശത്തില്‍ പറയുന്നു. നിരവധി സീനിയര്‍, മിഡ് ലെവല്‍ തസ്തികകളില്‍ ഏറെക്കാലമായി വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇത് ബഹ്റൈനികളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു.ഇപ്പോള്‍ പരിശീലനം നേടിയ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ധാരാളമുണ്ട്. അച്ചടക്കം, അനുഭവം, വൈദഗ്ദ്ധ്യം എന്നിവ അടിസ്ഥാനമാക്കി ബഹ്റൈനി ഉദ്യോഗാര്‍ത്ഥികളുടെ ഡാറ്റാബേസ് തയാറാക്കണം. അതിനനുസൃതമായി വിദേശി ജീവനക്കാരുടെ വിസ പുതുക്കലിന് നിയന്ത്രണം കൊണ്ടുവരണം. സ്വദേശികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക തൊഴില്‍ പരിശീലന പരിപാടികള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്തെ റോഡുകളുടെ നവീകരണ പ്രവൃത്തിയുടെ 3 എ ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മരാമത്ത് മന്ത്രി ഇബ്രാഹിം അല്‍ ഹവാജ് അറിയിച്ചു.സുഗമമായ ഗതാഗതം ഉറപ്പാക്കുന്ന സുപ്രധാന ഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി മുഹറഖിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സുപ്രധാനവും അറാദിലെയും ഖലീഫ അല്‍ കബീര്‍ ഹൈവേയിലെയും ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഉപകാരപ്പെടുന്നതുമാണ്. ഖലീഫ അല്‍ കബീര്‍ ഹൈവേയും അറാദ് ഹൈവേയും ചേരുന്ന ജംഗ്ഷനില്‍ ഒരു ഫ്രീ ലെഫ്റ്റ് ടേണ്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മനാമ: മനാമയില്‍ റാസ് റുമാന്‍ മുതല്‍ നായിം വരെയുള്ള സ്ഥലത്തെ വാണിജ്യ, ജനവാസ കെട്ടിടങ്ങളുടെ സമഗ്ര സുരക്ഷാ സര്‍വേ നടത്തും.ഇതിനായി ഈ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോട് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് നിര്‍ദേശിച്ചു. കെട്ടിടങ്ങളുടെ ബലം, കാലാവധി, സുരക്ഷിതത്വം എന്നിവ ഉള്‍പ്പെടെയാണ് സര്‍വേ.മുഹറഖ് നവീകരണ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മനാമയിലെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചതെന്ന് ബോര്‍ഡ് ചെയര്മാന് സാലിഹ് തറാദ് പറഞ്ഞു. കെട്ടിടങ്ങളുടെ കൃത്യമായ അവസ്ഥ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
