
കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളേജിലെ ഒന്നാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥി ആര്.എല്‍. നിതിന്‍ രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അദ്ധ്യാപകന് ഡോ. എം.കെ. റാമിന് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കി.
ഈ മാസം പത്തിനാണ് നിതിന്‍ രാജ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിനു മുകളില്‍നിന്ന് ചാടിമരിച്ചത്. മരണത്തിന്റെ 15ാം ദിവസമാണ് പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി വന്നത്.
മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ലോണ്‍ ആപ്പ് ഇടപാടുകാരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ (3) ഹാജരാക്കി. ഇന്‍സ്റ്റന്റ് ഫണ്ട്സ് എന്ന ലോണ്‍ ആപ്പ് സ്ഥാപനത്തിലെ ജീവനക്കാരായ ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തര്‍പ്രദേശ് സ്വദേശി പ്രശാന്ത് ഖേവല്‍ (28), ഹരിയാനയിലെ ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെ തിരികെ ജയിലിലേക്കു കൊണ്ടുപോയി.
കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്റ്റന്റ് ഫണ്ട്സിന്റെ നോയിഡയിലെ ഓഫീസിലേക്കു പോകും. ഇന്‍സ്റ്റന്റ് ഫണ്ട്സിന്റെ ഉടമയെ പിടികൂടാനായിട്ടില്ല.


