ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം ഡോളർ സമ്മാനം. അജ്മാനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ജിജോ പുളിക്കത്തൊടി (41)യാണ് ഒമ്പത് കോടിയിലധികം രൂപയുടെ സമ്മാനത്തിന് അർഹനായത്.
ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് ബിയിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ ജിജോ ഓൺലൈനായി വാങ്ങിയ 4891 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 22നായിരുന്നു ടിക്കറ്റ് വാങ്ങിയത്.
കഴിഞ്ഞ നാലുവർഷമായി അജ്മാനിൽ താമസിക്കുന്ന ജിജോ 17 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് സ്വന്തമാക്കിയത്. അതിനാൽ സമ്മാനത്തുക സംഘത്തിലെ എല്ലാവരും പങ്കിടും. ഈ തുക തങ്ങൾക്കെല്ലാവർക്കും വലിയ സഹായമാകുമെന്ന് ജിജോ പ്രതികരിച്ചു.
1999ൽ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് ആരംഭിച്ചതിനുശേഷം 10 ലക്ഷം ഡോളർ സമ്മാനം നേടുന്ന 283-ാമത്തെ ഇന്ത്യൻ പൗരനാണ് ജിജോ.
മില്ലേനിയം മില്യനയർ സീരീസ് 554ന്റെ മറ്റൊരു നറുക്കെടുപ്പിൽ ദുബൈയിലെ ഇന്ത്യൻ പ്രവാസിയായ രോഹൻ പ്രകാശ് ഫെർണാണ്ടസിനും 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു. 1710 നമ്പർ ടിക്കറ്റാണ് അദ്ദേഹത്തിന് ഭാഗ്യം സമ്മാനിച്ചത്.
ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ യോഗേഷ് ധനക് (53) റേഞ്ച് റോവർ കാർ സ്വന്തമാക്കി. 1243 നമ്പർ ടിക്കറ്റിലൂടെയാണ് നേട്ടം. കഴിഞ്ഞ 15 വർഷമായി യാത്രകളിലെല്ലാം ടിക്കറ്റ് വാങ്ങുന്ന അദ്ദേഹത്തിന് ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്.
ദുബൈയിൽ താമസിക്കുന്ന തുർക്കി പൗരനായ എസെർ എറോൾ ബിഎംഡബ്ല്യു ബൈക്കും ഇന്ത്യൻ പ്രവാസിയായ മെൽവിൻ പോണ്ടസ് അപ്രീലിയ ബൈക്കും നേടി. മെൽവിന് ഇത് രണ്ടാം തവണയാണ് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ബൈക്ക് സമ്മാനമായി ലഭിക്കുന്നത്.

