കൊച്ചി: കേരളത്തിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വായ്പാത്തട്ടിപ്പ് കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്കിലെ 1.82 കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെ രണ്ടുകോടിയിലേറെ രൂപയുടെ നിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചു. പരിശോധനയ്ക്കിടെ 38 വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകളും ഇഡി പിടിച്ചെടുത്തു.
സഹകരണ ബാങ്കുകളിലെ വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും സംബന്ധിച്ച് എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ 17 കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. കൊച്ചി, കോഴിക്കോട് ഇഡി യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണ നടപടികൾ.
അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്കിലെ 422 വായ്പകളുമായി ബന്ധപ്പെട്ട് 96.74 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ 154 വായ്പകളുമായി ബന്ധപ്പെട്ട് 33 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായും അന്വേഷണ ഏജൻസി അറിയിച്ചു. പരിശോധനയുടെ ഭാഗമായി 1.82 കോടി രൂപയുടെ രണ്ട് സ്ഥിരനിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
തെന്നല സർവീസ് സഹകരണ ബാങ്കിലും വ്യാജ വായ്പകൾ അനുവദിച്ചതായി ഇഡി കണ്ടെത്തി. ഇത്തരം ഇടപാടുകളിലൂടെ പത്തുകോടി രൂപയുടെ കുറ്റകൃത്യ വരുമാനം ഉണ്ടായതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ബാങ്കുമായി ബന്ധപ്പെട്ട 20 സ്ഥിരനിക്ഷേപ അക്കൗണ്ടുകളും മരവിപ്പിച്ചു.
തൃശൂരിലെ കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വ്യാജരേഖകൾ ഉപയോഗിച്ച് വായ്പകൾ നേടിയതിലൂടെ ബാങ്കിന് 27 കോടി രൂപയുടെ നഷ്ടമുണ്ടായതായും ഇഡി കണ്ടെത്തി.
മൂന്ന് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് ഒരേസമയം പരിശോധന നടന്നത്. തൃശൂർ ജില്ലയിൽ അഞ്ചിടങ്ങളിലും കോഴിക്കോട് ജില്ലയിൽ ഏഴിടങ്ങളിലും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി.
പരിശോധനയിൽ പിടിച്ചെടുത്ത സാമ്പത്തിക രേഖകളും വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകളും വിശദമായി പരിശോധിച്ചുവരികയാണ്. വായ്പാ ഇടപാടുകളിലെ ക്രമക്കേടുകൾക്കും പണമിടപാടുകൾക്കും പിന്നിലുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

