തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരാതികൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ, രാഷ്ട്രീയ തീരുമാനങ്ങൾ പാർട്ടിയുടെ നയങ്ങൾക്കും പ്രവർത്തനരീതികൾക്കും അനുസരിച്ചാണ് സ്വീകരിക്കുന്നതെന്നും ഓരോ തീരുമാനത്തിനും മുതിർന്ന നേതാക്കളുടെ അനുമതിയുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. വാർത്താ ഏജൻസിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെ വിമർശിച്ച് അടൂർ പ്രകാശ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകിയിരുന്നു. പാർട്ടിയെയും മുന്നണിയെയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ സ്വീകരിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നെ അവഗണിക്കുന്നുവെന്നും പ്രധാന തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂർ പ്രകാശ് പരാതിപ്പെട്ടതായാണ് വിവരം.
മഹിളാ കോൺഗ്രസ് നേതൃത്വത്തിന്റെയും മുന്നണിയിലെ ഘടകകക്ഷികളുടെയും നിലപാടുകളും ഖർഗെയെ അറിയിച്ചതായാണ് റിപ്പോർട്ട്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ വേണമെന്ന ആവശ്യവും അടൂർ പ്രകാശ് ഉന്നയിച്ചതായാണ് വിവരം.
പരാതി സംബന്ധിച്ച് വി.ഡി. സതീശൻ ആദ്യമായാണ് പ്രതികരിക്കുന്നതെന്നാണ് റിപ്പോർട്ട്. എല്ലാ തീരുമാനങ്ങളും മുതിർന്ന നേതാക്കളുമായി ആലോചിച്ചാണ് സ്വീകരിക്കുന്നതെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.

