തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 8 മുതൽ 12 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 8 മുതൽ 10 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ഒക്ടോബർ 11, 12 തീയതികളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാകുന്നതിനൊപ്പം വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങൾ, ടെറസുകൾ, മരച്ചുവടുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുകയും വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും വേണം.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും പൈപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. വയർ ഘടിപ്പിച്ച ടെലിഫോണുകളുടെ ഉപയോഗവും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമാണ്.
മഴമേഘങ്ങൾ രൂപപ്പെടുമ്പോൾ കുട്ടികൾ തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കളിക്കുന്നത് ഒഴിവാക്കണം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം. അടച്ചുറപ്പുള്ള വാഹനത്തിനുള്ളിൽ കഴിയുന്നവർ കൈകാലുകൾ പുറത്തിടാതെ സുരക്ഷിതമായി തുടരണമെന്നും നിർദേശിച്ചു.

മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കാർമേഘങ്ങൾ കാണുമ്പോൾ തന്നെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് സുരക്ഷിതമായ കരയിലേക്ക് മടങ്ങണം. ഇടിമിന്നലുള്ള സമയത്ത് ജലാശയങ്ങളിൽ ഇറങ്ങുന്നതും ബോട്ടുകളുടെ ഡെക്കിൽ നിൽക്കുന്നതും അപകടകരമാണ്.
ശക്തമായ കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി ഉറപ്പിക്കണം. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
ഇടിമിന്നലേറ്റ വ്യക്തിക്ക് ഉടൻ പ്രഥമശുശ്രൂഷയും വൈദ്യസഹായവും ലഭ്യമാക്കണം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം നിലനിൽക്കില്ലെന്നതിനാൽ സുരക്ഷിതമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ മടിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
ഇടിമിന്നൽ സാധ്യത സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വികസിപ്പിച്ച ‘ദാമിനി’ മൊബൈൽ ആപ്പ് ഉപയോഗിക്കാം. ശക്തമായ കാറ്റിനെ നേരിടുന്നതിനുള്ള കൂടുതൽ സുരക്ഷാ നിർദേശങ്ങൾ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.
പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

