
മനാമ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് ബഹ്റൈൻ രാജ്യത്തിന്റെ ഗോൾഡൻ റെസിഡൻസി ലഭിച്ചു.

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഇന്ന് റോയൽ പാലസിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈൻ കിരീടാവകാശി പരിശുദ്ധ തിരുമേനിക്കു ആദരസൂചകമായി ഗോൾഡൻ റെസിഡൻസി സമ്മാനിക്കുകയായിരുന്നു.

ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോൿസ് കാത്തീദ്രലിന്റെ പെരുന്നാൾ ശുശ്രൂഷകൾക്കായി ബഹ്റൈൻ സന്ദർശിക്കുന്ന വേളയിൽ അപ്രതീക്ഷിതമായി ലഭിച്ച ഈ അംഗീകാരം മലങ്കര ഓർത്തഡോക്സ് സഭയ്ക്കും ബഹ്റൈനിലെ വിശ്വാസി സമൂഹത്തിനും അഭിമാനകരമായ നേട്ടമാണ്. ഗോൾഡൻ റെസിഡൻസി ലഭിച്ചതിൽ പരിശുദ്ധ തിരുമേനി ബഹ്റൈൻ ഭരണാധികാരികളോടുള്ള ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.


