തിരുവനന്തപുരം: യാത്രക്കാർക്ക് വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനവുമായി കെ.എസ്.ആർ.ടി.സി. എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് ഉപയോഗിച്ചുള്ള വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിന്റെ ഉദ്ഘാടനം ഗതാഗതമന്ത്രി സി.പി. ജോൺ നാളെ നിർവഹിക്കും. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പറും കെ.എസ്.ആർ.ടി.സി സജ്ജമാക്കിയിട്ടുണ്ട്.
മെട്രോ റെയിൽ ടിക്കറ്റിങ് മാതൃകയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് വാട്സ്ആപ്പ് ചാറ്റിലൂടെ പുറപ്പെടുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും തിരഞ്ഞെടുത്ത് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രയും ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ചാറ്റ്ബോട്ട് വഴി മറുപടിയും ലഭിക്കും.
മലയാളവും ഇംഗ്ലീഷും ഉൾപ്പെടെയുള്ള വിവിധ ഭാഷകൾക്കൊപ്പം ‘മംഗ്ലീഷിലും’ ചാറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. മലയാളം ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്താലും ചാറ്റ്ബോട്ട് നിർദേശം മനസ്സിലാക്കി പ്രതികരിക്കും.
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന സാധാരണ യാത്രക്കാർക്കും ലളിതമായി ടിക്കറ്റ് എടുക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഡിജിറ്റൽ സേവനം സജ്ജീകരിച്ചിരിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. പ്രത്യേക വാട്സ്ആപ്പ് നമ്പറും സേവനത്തിന്റെ കൂടുതൽ വിവരങ്ങളും ഉദ്ഘാടനത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

