മനാമ: ജർമനിയുമായുള്ള നിക്ഷേപബന്ധം ശക്തിപ്പെടുത്തുന്നതിനായി ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി.) നടത്തിയ നാലുദിവസത്തെ സന്ദർശനം പൂർത്തിയായി. സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽ ഖുലൈഫാണ് സംഘത്തെ നയിച്ചത്. ജർമൻ കമ്പനികൾക്ക് ഗൾഫ് വിപണിയിൽ പ്രവർത്തനം തുടങ്ങാനും വിപുലീകരിക്കാനും ബഹ്റൈനെ പ്രാദേശിക കേന്ദ്രമായി പരിചയപ്പെടുത്തുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.
ബെർലിനിൽ നടന്ന ‘ബെർലിൻ ഗ്ലോബൽ ഡയലോഗ് 2026’ലും സംഘം പങ്കെടുത്തു. ജനസംഖ്യാമാറ്റങ്ങൾ, തൊഴിൽശക്തി, വിപണികൾ, മത്സരക്ഷമത എന്നിവയെക്കുറിച്ചുള്ള സെഷനിൽ നൂർ അൽ ഖുലൈഫ് സംസാരിച്ചു. ജർമൻ ചാൻസലർ ഫ്രിഡ്രിക് മെർസ്, ബാങ്ക് ഓഫ് അമേരിക്ക ഇന്റർനാഷണൽ പ്രസിഡന്റ് ബെർണാർഡ് മെൻസ, മെഴ്സിഡസ് ബെൻസ് സി.ഇ.ഒ. ഓല കെല്ലേനിയസ്, ബ്ലാക്ക്റോക്ക് സി.ഇ.ഒ. ലാറി ഫിങ്ക് എന്നിവരും ഫോറത്തിൽ പങ്കെടുത്തു.
ഫ്രാങ്ക്ഫർട്ടിൽ ഗ്ലോബൽ ഡിപ്ലോമസി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇ.ഡി.ബി. ബിസിനസ് റൗണ്ട് ടേബിളും സംഘടിപ്പിച്ചു. ജർമൻ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപകരും പങ്കെടുത്ത ചർച്ചയിൽ വ്യവസായ സഹകരണം, ലോജിസ്റ്റിക്സ്, പ്രാദേശിക ബന്ധിപ്പിക്കൽ, ആരോഗ്യസേവനങ്ങൾ, മെഡിക്കൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സാധ്യതകൾ വിലയിരുത്തി.
2025-ൽ ബഹ്റൈനും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 573 മില്യൺ ഡോളറിലെത്തി. അതേ വർഷം ബഹ്റൈനിലെ ജർമൻ നേരിട്ടുള്ള വിദേശനിക്ഷേപം 160 മില്യൺ ഡോളർ കടന്നതായും ഇ.ഡി.ബി. അറിയിച്ചു.

